കൊച്ചി: കാറപകടത്തില്‍ മോഡലുകള്‍ മരിച്ച കേസില്‍ കാറില്‍ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുന്നു. ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തവരെക്കുറിച്ച് സൈജു വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. സൈജുവിന്റെ സുഹൃത്തുക്കളാണ് പലരും. ഇവരെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
സൈജു കൊച്ചിയിലും സംസ്ഥാനത്തിന് പുറത്തുമായി വിവിധയിടങ്ങളില്‍ ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കാറുള്ളതായും കണ്ടെത്തി. ഈ പാര്‍ട്ടികള്‍ സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗമുള്ളവയായിരുന്നോ, പങ്കെടുത്ത പ്രമുഖര്‍ ആരെല്ലാം തുടങ്ങിയ കാര്യങ്ങളും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
പ്രാഥമിക അന്വേഷണത്തില്‍ സൈജു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. സൈജുവിന്റെ വാട്സാപ്പ് ചാറ്റില്‍ നിന്നാണ് ഇത് തിരിച്ചറിഞ്ഞത്. ചാറ്റ് ചെയ്തവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൈജു മോഡലുകളെ പിന്തുടര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തിലാണ്. സൈജുവിന്റെ മൊബൈല്‍ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ്.
സൈജുവിന്റെ മൊബൈലില്‍ നിന്ന് ലഭിച്ച ഫോട്ടോകളിലുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഫോണില്‍ നിരവധി സ്ത്രീകളുടെ ഫോട്ടോകളുണ്ട്. മോഡലുകളെ പിന്തുടര്‍ന്ന സൈജു, അവര്‍ക്ക് താമസസൗകര്യം അടക്കം വാഗ്ദാനം ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് ഇത്തരം വാഗ്ദാനം നല്‍കിയത് ദുരുദ്ദേശ്യത്തോടെയാണെന്നാണ് കരുതുന്നത്. നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാറ്റുമായി സൈജുവിന്റെ ബന്ധത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ചൊവ്വാഴ്ച വരെയാണ് സൈജുവിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്.
മോഡലുകളെ പിന്തുടര്‍ന്ന സൈജുവിന്റെ ഔഡി കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്റീരിയര്‍ ഡിസൈനറായ സൈജുവിന്റെ കാക്കനാട്ടെ ഓഫീസ് പരിസരത്തുനിന്നാണ് കാര്‍ കണ്ടെടുത്തത്. 20 ലക്ഷം രൂപയ്ക്ക് തൃശ്ശൂര്‍ സ്വദേശിയില്‍ നിന്ന് സൈജു വാങ്ങിയതാണ് കാര്‍. എന്നാല്‍ ഉമസ്ഥാവകാശം കൈമാറിയിട്ടില്ല.