റോം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തിനെക്കാള്‍ കൂടുതല്‍ ജനിതക മാറ്റത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലോകരാജ്യങ്ങളെ മുഴുവന്‍ പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. റോമിലെ ബാംബിനോ ഗെസു ആശുപത്രി തയ്യാറാക്കി പ്രസിദ്ധീകരിച്ച ഒമിക്രോണിന്റെ ആദ്യ ചിത്രം അനുസരിച്ചാണ് പുതിയ കണ്ടെത്തല്‍.
ഒരു മാപ്പ് പോലെ കാണപ്പെടുന്ന ത്രിമാന ചിത്രമാണ് റോമിലെ ബാംബിനോ ഗെസു ആശുപത്രി പ്രസിദ്ധീകരിച്ചത്. ഡെല്‍റ്റ വകഭേദത്തെക്കാള്‍ ഒമിക്രോണ്‍ വകഭേദത്തിന് നിരവധി ജനിതക മാറ്റമുള്ളതായി ചിത്രത്തില്‍ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടെന്നാണ് ഗവേഷക സംഘം വ്യക്തമാക്കുന്നത്.
അതേസമയം, ഒമിക്രോണിന്റെ ചിത്രങ്ങളില്‍ ഈ വ്യതിയാനങ്ങള്‍ കാണുന്നുണ്ടെങ്കിലും പുതിയ വകഭേദം കൂടുതല്‍ അപകടകരമാണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും ഗവേഷകര്‍ പറഞ്ഞു. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ ഈ മാറ്റം അപകടകരമാണോ അല്ലയോ അതോ രണ്ടിനും ഇടയിലാണോ എന്ന് പറയാന്‍ സാധിക്കു എന്നും ഗവേഷകര്‍ അറിയിച്ചു. നിലവില്‍ തയ്യാറാക്കിയ ചിത്രം ഓമിക്രോണിന്റെ വ്യതിയാനങ്ങളും ജനതിക മാറ്റവും മാത്രമാണ് വ്യക്തമാക്കുന്നത്. അതേസമയം അതിന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കുന്നില്ലെന്നും ഗവേഷകര്‍ പറഞ്ഞു.