അലബാമ: മലയാളി സമൂഹത്തെ അഗാധ ദുഖത്തിലാഴ്ത്തി മോണ്ട്‌ഗോമറിയിയില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ച മറിയം സൂസന്‍ മാത്യുവിന്റെ (19) മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. മൃതദേഹം വിട്ടുകിട്ടുന്നതിന് പോലീസിന്റെ അനുവാദവും മറ്റ് നടപടിക്രമങ്ങളും ആവശ്യമാണ്. തിങ്കളാഴ്ച്ച രാവിലെ എട്ടര മണിക്കാണ് ഏവരെയും ഞെട്ടിപ്പിച്ച സംഭവമുണ്ടായത്.
തിരുവല്ല, നിരണം ഇടപ്പള്ളിപ്പറമ്പില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ് മറിയം സൂസന്‍ മാത്യു. വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ മുകളിലത്തെ നിലയില്‍ നിന്ന് സീലിങ് തുളച്ചെത്തിയ വെടിയുണ്ടകളേറ്റാണ് മറിയം സൂസന്‍ മാത്യു മരിച്ചതെന്നാണ് മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനത്തിന്റെ ഫാ. ജോണ്‍സണ്‍ പാപ്പച്ചന്‍ വ്യക്തമാക്കി. മുകളില്‍ താമസിക്കുന്ന വ്യക്തിയാണോ വെടിയുതിര്‍ത്തതെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ടു പാസായ സൂസന്‍ നാല് മാസം മുന്‍പാണ് അലബാമയില്‍ എത്തിയത്. നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ സൂസന്റെ പിതാവ് ബോബന്‍ മാത്യൂ മലങ്കര ഓര്‍ത്തോഡോക്‌സ് സഭ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്. മസ്‌കറ്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സെക്രട്ടറിയായിരുന്നു. ബിമല്‍, ബേസില്‍ എന്നിവര്‍ സൂസന്റെ സഹോദരങ്ങളാണ്.
സൂസന്‍ മാത്യുവിന്റെ മൃതദേഹം അലബാമയില്‍ പൊതുദര്‍ശനത്തിന് വച്ച് മറ്റ് ശുശ്രൂഷകള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്. (469 473 1140, 334 546 0729). സൂസന്റെ ആകസ്മികമായ വേര്‍പാടില്‍ ഓര്‍ത്തോഡോക്‌സ് സഭ അഹമ്മദാബാദ് ഭദ്രാസനത്തിനുവേണ്ടി അഭിവന്ദ്യ മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അനുശോചനം രേഖപ്പെടുത്തി.
അമേരിക്കന്‍ മലയാളി സമൂഹത്തെ ആശങ്കയിലാക്കിയ മൂന്നാമത്തെ കൊലപാതകമാണിത്. ഡാളസിലെ മെസ്‌കിറ്റില്‍ ബ്യൂട്ടി സ്റ്റോര്‍ നടത്തിയിരുന്ന സാജന്‍ മാത്യു 15 കാരന്റെ വെടിയേറ്റ് മരിച്ചത് ഏതാനും ആഴ്ച മുമ്പാണ്. കാലിഫോര്‍മിയയില്‍ ഈ മാസം ഏഴാം തീയതി വര്‍ഗീസ് ജോര്‍ജ് എന്ന മലയാളിയും കൊല്ലപ്പെട്ടിരുന്നു.