ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ വിയറ്റ്‌നാം സന്ദര്‍ശിക്കാന്‍ അനുമതി. . ഇന്ത്യ, ചൈന പൗരന്മാർക്ക് വീസയില്ലാതെ ഇനി വിയറ്റ്നാം സന്ദർശിക്കാം. ടൂറിസം മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിയറ്റ്നാമിന്റെ തീരുമാനം. ബുധനാഴ്ച പ്രധാനമന്ത്രി ഫാം മിൻ ചിൻ അധ്യക്ഷനായ ഒരു കോൺഫറൻസിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഓസ്ട്രേലിയ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും യൂറോപ്യൻ യൂണിയനിലെ 20 അംഗങ്ങൾക്കും ഇളവ് നൽകാനും അദ്ദേഹം നിർദേശിച്ചു.
ഈ പട്ടികയിലില്ലാത്ത രാജ്യങ്ങളിലെ പൗരന്മാർക്ക് 90 ദിവസത്തെ സാധുതയുള്ള ഇ-വിസകളും എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വ്യക്തികൾക്ക് ഒന്നിലധികം പ്രവേശന അലവൻസുകളും നൽകുന്നതിനും നിർദേശമുണ്ട്. നിലവിൽ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ഇറ്റലി, സ്പെയിൻ, ഡെൻമാർക്ക്, ഫിൻലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് വിയറ്റ്നാമിലേക്ക് വിസ രഹിത യാത്ര നടത്താൻ സാധിക്കുന്നത്.
നേരത്തെ ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് സമാനമായ ഇളവുകൾ നൽകിയിരുന്നു. അടുത്ത വർഷം മാർച്ച് 31 വരെയാണ് ശ്രീലങ്കയുടെ ഇളവ്. ഇന്ത്യയ്ക്ക് പുറമെ ചൈന, റഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ശ്രീലങ്ക ഇളവ് നൽകിയിരുന്നു.