തിരുവനന്തപുരം: മലയാളനാടിന് ഇന്ന് 68 ന്റെ നിറവ്. ഐക്യകേരളം രൂപീകരിച്ചിട്ട് ഇന്ന് 68 വര്‍ഷം. ദെവത്തിന്റെ സ്വന്തം നാടായ കേരളം പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ്. വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ ഭൂപ്രദേശം ഭാഷയുടെ അടിസ്ഥാനത്തില്‍ ഒന്നായതിന്റെ ഓര്‍മപുതുക്കല്‍ ദിനമാണ് നവംബര്‍ ഒന്ന്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി നിലകൊണ്ട ഭൂപ്രദേശങ്ങളെ ഒത്തു ചേര്‍ത്ത് മലയാളം ഭാഷ സംസാരിക്കുന്നവര്‍ എന്ന നിലയില്‍ ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വര്‍ഷം തികയുന്നു.
1947 ഓഗസ്റ്റ് 15ന് രാജ്യം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ഐക്യ കേരളത്തിനായുള്ള ആവശ്യം ഉയര്‍ന്നു വന്നു.
സംസ്ഥാന പുനഃസംഘടനാ നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും ആധാരമായുള്ളത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടു രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കുന്നത്.
1956ല്‍ രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം.
1956 നവംബര്‍ 1ന് ചിത്തിരതിരുനാള്‍ രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ച ദിനം കൂടിയാണ്. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്ണറാവു ആദ്യ ഗവര്‍ണറായി തിരുവിതാംകൂര്‍- കൊച്ചിയില്‍ പ്രസിഡന്റ്ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്. ജസ്റ്റിസ് കെ.ടി കോശിയായിരുന്നു സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ്. ആദ്യ ചീഫ് സെക്രട്ടറി എന്‍.ഇ.എസ്. രാഘവാചാരി. ആദ്യ പോലീസ് ഐ ജി എന്‍. ചന്ദ്രശേഖരന്‍നായര്‍. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28-നാണ് നടന്നത്. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.