വലൻസിയ: സ്പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 158 ആയി. സ്പെയിനിന്റെ കിഴക്കൻ മേഖലയായ വലൻസിയയിൽ ആണ് മിന്നൽ പ്രളയം ഉണ്ടായത്. നിരവധി പേർ പലയിടത്തും കുടുങ്ങിക്കിടക്കുന്നുണ്ട്. എത്രയോ പേരെ കാണാതായിട്ടുമുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. യൂറോപ്പ് കണ്ടതിൽവെച്ച് ഏറ്റവും ഭീകരമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനുമാണ് സ്പെയിൻ സാക്ഷ്യം വഹിക്കുന്നത്.
വെള്ളപ്പൊക്കത്തിൽ പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാത്ത വിധം ആവുകയും ചെയ്തിട്ടുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലെൻസിയ പ്രദേശത്ത് എട്ടുമണിക്കൂറിനിടെ പെയ്തത്. വലൻസിയ നഗരത്തിനും മാഡ്രിഡിനും ഇടയിലുള്ള അതിവേഗ ട്രെയിൻ സർവിസുകൾ 15 ദിവസത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്.
മാഡ്രിഡിനെയും വലൻസിയയെയും ബന്ധിപ്പിക്കുന്ന ട്രാക്കുകൾ കേടുപാടുകളുടെ വ്യാപ്തി കാരണം മൂന്നാഴ്ച വരെ ഉപയോഗശൂന്യമാകുമെന്ന് സ്പെയിൻ ഗതാഗത മന്ത്രി ഓസ്കാർ പ്യൂന്റ പറഞ്ഞു. ഇതേ റൂട്ടിലെ രണ്ട് തുരങ്കങ്ങളായ ചിവ, ടോറന്റ് എന്നിവ തകർന്നു. റെയിൽവേ ട്രാക്കുകൾ പൂർണ്ണമായും മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ട്രാക്കുകളിൽ ലൈനുകളിൽ മൂന്നെണ്ണം അപ്രത്യക്ഷമായി. 80 കിലോമീറ്ററോളം ലൈനുകൾ പൂർണ്ണമായി നശിച്ചു.
2021-ൽ ജർമനിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ 185 പേർക്ക് ജീവൻ നഷ്ടമായിരുന്നു.