ഗാസ: ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) തലവൻ ഹെർസി ഹലേവിയെ ഹമാസ് വധിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഏതാനും ദിവസം മുമ്പ് വടക്കൻ ഗസ്സയിൽ യുദ്ധനീക്കങ്ങൾ വിലയിരുത്താൻ എത്തിയ ഹെർസി ഹലേവി യോഗം ചേർന്ന വീടിന് നേരെ ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡാണ് ആക്രമണം നടത്തിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, സംഭവ സമയത്ത് ഹലേവി അവിടം വിട്ടിരുന്നതായി ഇറാൻ വാർത്ത ഏജൻസിയായ ‘ഇർന’ അടക്കമുള്ളവ ചൂണ്ടിക്കാട്ടി. ഐ.ഡി.എഫ് തലവൻ പോയതിന് പിന്നാലെ നടന്ന ആക്രമണത്തിൽ സ്ഥലത്ത് അവശേഷിച്ചിരുന്ന ഐ.ഡി.എഫ് 888 മൾട്ടിഡൈമൻഷണൽ യൂണിറ്റിലെ നാല് സൈനികർ കൊല്ലപ്പെട്ടുവെന്നും ‘പലസ്തീൻ ക്രോണിക്കിൾ’ വാർത്തയിൽ പറയുന്നു.
ഹമാസ് ആക്രമണത്തിൽ നാലുസൈനികർ കൊല്ലപ്പെട്ട വാർത്ത നേരത്തെ ഇസ്രായേൽ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇത് ഐ.ഡി.എഫ് തലവനെ ലക്ഷ്യമിട്ടാണെന്ന കാര്യം ചൂണ്ടിക്കാട്ടിയിരുന്നില്ല. ഹലേവിയായിരുന്നു ലക്ഷ്യമെന്ന് ഇപ്പോൾ മാധ്യമ റിപ്പോർട്ടുകളാണ് സൂചിപ്പിക്കുന്നത്. ഇസ്രായേൽ മാധ്യമമായ ഹാരെറ്റ്സിന്റെ ഹിബ്രു പതിപ്പിനെ ഉദ്ധരിച്ചാണ് ആദ്യം റിപ്പോർട്ടുകൾ
പുറത്തുവന്നതെങ്കിലും പിന്നീട് ഈ വാർത്ത ഹാരെറ്റ്സിൽ കാണാൻ കഴിഞ്ഞില്ലെന്നും അവർ ഹീബ്രു പതിപ്പിൽനിന്ന് വാർത്ത നീക്കം ചെയ്തതാണോ എന്ന് വ്യക്തമല്ലെന്നും ‘ഫലസ്തീൻ ക്രോണിക്കിൾ’ ചൂണ്ടിക്കാട്ടി. യൂറോ ന്യൂസ് പോലുള്ള പാശ്ചാത്യ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.