ദില്ലി: കുടിശ്ശിക വര്‍ധിച്ചതിനാല്‍ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പാതിയായി കുറച്ച് അദാനി പവര്‍. അദാനി പവറിൻ്റെ ഉടമസ്ഥതയിലുള്ള അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡാണ് (എപിജെഎൽ) 846 മില്യൺ യുഎസ് ഡോളറിൻ്റെ (7,110 കോടി രൂപ) ബില്ലുകൾ കുടിശ്ശികയായതിനാൽ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം പകുതിയായി കുറച്ചത്. ബംഗ്ലാദേശ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 1,496 മെഗാവാട്ട് പ്ലാൻ്റിലെ ഒരു യൂണിറ്റിൽ നിന്ന് 700 മെഗാവാട്ട് മാത്രം ഉത്പാദിപ്പിക്കുന്നതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിലെ രാത്രിയിൽ ബംഗ്ലാദേശിലേക്കുള്ള വിതരണത്തില്‍ 1,600 മെഗാവാട്ടിൻ്റെ (MW) കുറവുണ്ടായതാണ് റിപ്പോർട്ട്.
ത്സാര്‍ഖണ്ഡിൽ നിന്നാണ് അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡ് ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകുന്നത്. നേരത്തെ, ഒക്‌ടോബർ 30നകം കുടിശ്ശിക തീർക്കണമെന്ന് ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡിനോട് (പിഡിബി) ആവശ്യപ്പെട്ട് അദാനി കമ്പനി കത്തെഴുതിയിരുന്നു. ബില്ലുകൾ അടച്ചില്ലെങ്കിൽ, പവർ പർച്ചേസ് എഗ്രിമെൻ്റ് (പിപിഎ) പ്രകാരം ഒക്‌ടോബർ 31-ന് വൈദ്യുതി വിതരണം നിർത്തിവെച്ച് പരിഹാരനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ബംഗ്ലാദേശ് ഇതുവരെ 170.03 മില്യൺ യുഎസ് ഡോളറിന് ലെറ്റർ ഓഫ് ക്രെഡിറ്റ് (എൽസി) നൽകുകയോ കുടിശ്ശികയായ 846 മില്യൺ ഡോളർ നൽകുകയോ ചെയ്തിട്ടില്ലെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.
മുൻ കുടിശ്ശികയുടെ ഒരു ഭാഗം തങ്ങൾ നേരത്തെ അടച്ചിരുന്നുവെങ്കിലും ജൂലൈ മുതൽ കമ്പനി മുൻ മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ തുക ഈടാക്കുന്നുണ്ടെന്ന് പിഡിബി ഉദ്യോഗസ്ഥൻ പറഞ്ഞു. പിഡിബി പ്രതിവാരം 18 മില്യൺ യുഎസ് ഡോളറാണ് നൽകുന്നതെന്നും എന്നാല്‍2 2 മില്യൺ ഡോളറാണ് ഇപ്പോൾ ഈടാക്കുന്നതെന്നും അതുകൊണ്ടാണ് കുടിശ്ശിക വർധിച്ചതെന്നും ഉദ്യോഗസ്ഥൻ പറയുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം അധികാരമേറ്റത് മുതൽ കുടിശ്ശിക നൽകണമെന്ന് അദാനി ഇടക്കാല സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.