ലണ്ടന്‍: ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവായി കെമി ബേഡനോക്കിനെ തിരഞ്ഞെടുത്തു.ഇതോടെ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി കെമി ബേഡനോക്ക് മാറി.
ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിസഭയിലുണ്ടായിരുന്ന കെമി (44) നൈജീരിയന്‍ വംശജയാണ്. സുനകിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിന്റെ അവസാനഘട്ടത്തില്‍ കെമിയും മുന്‍മന്ത്രി റോബര്‍ട്ട് ജെന്റിക്കുമാണ് ഉണ്ടായിരുന്നത്. കെമി 53,806 വോട്ടുകളും റോബര്‍ട്ട് ജെന്റിക്കിന് 41,388 വോട്ടുകളും നേടി.
ബ്രിട്ടനില്‍ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരി കൂടിയാണ് കെമി ബേഡനോക്ക്. ”നമുക്ക് മുന്നിലുള്ള ദൗത്യം കഠിനവും എന്നാല്‍ ലളിതവുമാണ്. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ പ്രതിജ്ഞാബദ്ധമാക്കുക എന്നതാണ് അടുത്ത നടപടി. നമ്മുടെ മഹത്തായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത് എനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണ്. ഞാന്‍ സ്നേഹിക്കുന്ന, എനിക്ക് ഒരുപാട് അവസരം തന്ന ഒരു പാര്‍ട്ടിയാണ്. മത്സരത്തില്‍ എതിരാളിയായിരുന്ന റോബര്‍ട്ട് ജെന്റിക്ക് വരും വര്‍ഷങ്ങളില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നതില്‍ എനിക്ക് സംശയമില്ല. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ അംഗങ്ങള്‍ക്കും നന്ദി. മാറ്റത്തിനുള്ള സമയമാണിതെന്നും കെമി പറഞ്ഞു.