നെയ്യാറ്റിന്‍കര : വിവാഹത്തിന് മുമ്പ് നെയ്യാറ്റിന്‍കര സ്വദേശി കാമുകന് ഷാരോണ്‍ രാജിനെ ഇല്ലാതാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ കലക്കി നല്‍കിയത് പാരക്വിറ്റ് കളനാശിനിയെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ സംഘമാണ് ഷാരോണ്‍ കേസില്‍ കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഗ്രീഷ്മ നല്കിയ വിഷത്തെ സംബന്ധിച്ച് മുമ്പ് വ്യക്തത ഇല്ലായിരുന്നു.
കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയതെന്ന് ഡോക്ടര്‍മാരുടെ സംഘം കോടതിയില്‍ മൊഴി നല്കി. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.എം. ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്.
ഷാരോണിന് വിഷം കലര്‍ത്തി നല്‍കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഗ്രീഷ്മ ജ്യൂസ് ചലഞ്ചും നടത്തിയിരുന്നു. പാരസെറ്റമോള്‍ ഗുളികകള്‍ കലര്‍ത്തിയ പഴച്ചാര്‍ ആയിരുന്നു അപ്പോള്‍ ഷാരോണിന് നല്‍കിയത് . ഇത് നല്‍കുന്നതിന് മുന്‍പും ഗ്രീഷ്മ പലപ്രാവശ്യം പാരസെറ്റമോള്‍ എത്ര അളവില്‍ നല്കിയാലാണ് ശരീരത്തിന് ഹാനികരമാകുന്നതെന്ന് മനസ്സിലാക്കിയിരുന്നതായി പ്രോസിക്യൂഷന് ഡിജിറ്റല്‍ തെളിവുകള്‍ നല്കി.
ഗ്രീഷ്മയുടെ ജാതകപ്രകാരം ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യന് പറഞ്ഞിരുന്നു. ഷാരോണുമായി ബന്ധത്തില്‍ ഇരിക്കെ ഗ്രീഷ്മയ്ക്ക് ആര്‍മി ഉദ്യോഗസ്ഥന്റെ കല്യാണാലോചന വന്നു. ഇതിനെ തുടര്‍ന്ന് ഷാരോണിനെ താലികെട്ടിയശേഷം കഷായത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തുകയായിരുന്നു. ഷാരോണിനെ താലികെട്ടിയശേഷം ഇവര്‍ ഒരുമിച്ച് തൃപ്പരപ്പിലെ ഹോട്ടലില്‍ താമസിച്ചിരുന്നു. ഹോട്ടല്‍ മാനേജര്‍ കോടതിയിലെത്തി ഗ്രീഷ്മയെ തിരിച്ചറിയുകയും ചെയ്തിരുന്നു.