വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എല്ലാ ക്രമീകരണങ്ങളും സജ്ജമായതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. തിരഞ്ഞെടുപ്പിനിടയോ അതിനു ശേഷമോ ഉണ്ടാകാനിടയുള്ള കുഴപ്പങ്ങൾ നേരിടാൻ അതതു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥ സംവിധാനം തയാറായി. സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന ആശങ്കകൾക്കിടയിൽ കലാപത്തെവരെ നേരിടാൻ വരെ അവർ സജ്ജരാണ്.
വോട്ടർമാരുടെ സുരക്ഷയുടേയും വോട്ട് എണ്ണൽ പ്രക്രിയയുടെ സമഗ്രത ഉറപ്പാക്കുന്നതിൻ്റെയും ഫലമായി യുഎസിലുടനീളം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സുരക്ഷാ നടപടികൾ വർധിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരായ രണ്ട് കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ അക്രമ ഭീഷണികളാണ് ഈ നടപടികളിലേക്ക് നയിച്ചത്.
പല പോളിംഗ് ലൊക്കേഷനുകളിലും പാനിക് ബട്ടണുകൾ വച്ചിട്ടുണ്ട്. പൊലീസിൻ്റെയും മറ്റ് പ്രാദേശിക നിയമപാലകരുടേയും സാന്നിധ്യം വർധിപ്പിച്ചിട്ടുമുണ്ട്.
രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കും നേരെ നിരവധി ഭീഷണികൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. മിക്ക തിരഞ്ഞെടുപ്പ് ഓഫിസുകളിലും ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, ബാഡ്ജ് റീഡറുകൾ, സുരക്ഷാ ക്യാമറകൾ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു.
അപകടകരമായേക്കാവുന്ന മെയിലുകൾ കൈകാര്യം ചെയ്യുന്നതിനും അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രവർത്തകർക്ക് പരിശീലനം നകിയിട്ടുണ്ട്.