വാഷിങ്ടണ്‍: റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപിന്റെയും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന്റെയും നെഞ്ചിടിപ്പ് കൂട്ടി സർവേ ഫലങ്ങൾ.
തെരഞ്ഞെടുപ്പ് അടുക്കും തോറും കമല ഹാരിസിനുള്ള പിന്തുണ കുറയുന്നതും ട്രംപ് മുന്നേറുന്നതും ഡെമോക്രാറ്റുകളെ ആശങ്കയിലാഴ്ത്തുന്നു. എന്നാല്‍ ഇപ്പോഴും ട്രംപിനേക്കാള്‍ നേരിയ മുൻതൂക്കം കമലയ്ക്കാണെന്നത് റിപ്പബ്ലിക്കൻ പാർടിക്കും തലവേദനയാണ്. ന്യൂയോർക്ക് പോസ്റ്റ്, എംബിസി, എംഎസ്‌എൻ തുടങ്ങിയ മാധ്യമങ്ങള്‍ ആർക്കും മുൻതൂക്കം പ്രവചിക്കാനാകില്ലെന്ന് വിലയിരുത്തുമ്ബോള്‍ വാള്‍സ്ട്രീറ്റ് ജേർണല്‍ ട്രംപിനും റോയിട്ടർ കമലയ്ക്കും വിജയസാധ്യത കല്‍പ്പിക്കുന്നു.
ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കൻമാർക്കും അനുകൂലമായി മാറിമാറി വിധിയെഴുതുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ് സ്ഥാനാർഥികള്‍ അവസാന മണിക്കൂറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മിഷിഗണ്‍, പെൻസില്‍വാനിയ, ജോർജിയ, നോർത്ത് കരോലിന എന്നീ ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ് ട്രംപിന്റെ ക്യാമ്ബയിൻ. കമല മിഷിഗണ്‍, ജോർജിയ, പെൻസില്‍വാനിയ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനിറങ്ങും.
270 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഇലക്ടറല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാർഥിയാണ് വൈറ്റ്ഹൗസില്‍ എത്തുക. നിലവിലെ സ്ഥിതിയനുസരിച്ച് കമലയ്ക്ക് 226ഉം ട്രംപിന് 219ഉം ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാണ്.