വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാം പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നിര്‍ണായകമായ വോട്ടെടുപ്പ് തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ പോളിംഗ് പുരോഗമിക്കുകയാണ്. ന്യൂ ഹാംപ്ഷെയറിലെ ഡിക്സ്വില് നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ജനപ്രതിനിധി സഭയിലെ 435 സീറ്റിലേക്കും നൂറംഗ സെനറ്റിലെ 33 സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് പുരോഗമിക്കുന്നത്.
അതേസമയം, വോട്ടുറപ്പിക്കാനുള്ള നീക്കങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍ ഓടി നടന്ന വേളയില്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചൂടുള്ള ചര്‍ച്ചകളായി മാറിയിരുന്നു. സമ്പദ് വ്യവസ്ഥ, കാലാവസ്ഥ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളെല്ലാം ഇരു സ്ഥാനാര്‍ത്ഥികളും എടുത്ത് പ്രയോഗിച്ചു.
സമ്പദ് വ്യവസ്ഥ
തന്റെ ഭരണകാലത്ത് ബിസിനസുകള്‍ക്കും സമ്പന്നര്‍ക്കും ട്രംപ് നികുതിയിളവ് ഏര്‍പ്പെടുത്തിയിരുന്നു. താന്‍ അധികാരത്തിലേറിയാല്‍ എല്ലാ ഇറക്കുമതിക്കും 10 ശതമാനത്തിലധികം നികുതി ചുമത്തുമെന്നും പൗരന്മാരുടെ മേലുള്ള നികുതി ഭാരം കുറക്കാന്‍ ഇത് സഹായിക്കുമെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. യു.എസിനെ ക്രിപ്റ്റോ കാപ്പിറ്റല്‍ ആക്കുമെന്നാണ് മറ്റൊരു വാഗ്ദാനം.
അതേസമയം കമല ഹാരിസ് ആകട്ടെ മധ്യവര്‍ഗത്തിന് അനുകൂലമാകുന്ന നികുതി സംവിധാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യമായി വീടുവെക്കുന്നവര്‍ക്ക് സാമ്പത്തിക പിന്തുണ, ചെറുകിട ബിസിനസുകള്‍ക്കുള്ള സഹായം എന്നിവയെല്ലാം കമല ഹാരിസ് മുന്നോട്ട് വെക്കുന്നുണ്ട്.
കുടിയേറ്റം
തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് കുടിയേറ്റം. രാജ്യത്ത് കുടിയേറ്റം വര്‍ധിച്ചതില്‍ കടുത്ത ആശങ്ക വോട്ടര്‍മാര്‍ പങ്കുവെയ്ക്കുന്നുണ്ട്. വീണ്ടും അധികാരം ലഭിച്ചാല്‍ രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുമെന്നാണ് ട്രംപ് പറയുന്നത്. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കമലയും ഉറപ്പ് നല്കുന്നു. അതിര്‍ത്തി സുരക്ഷ നടപ്പാക്കുന്നതിലും മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമല വ്യക്തമാക്കുന്നു.
ഗര്‍ഭച്ഛിദ്രം
രാജ്യവ്യാപകമായ ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിനായി നിയമം നടപ്പാക്കുമെന്നാണ് കമല ഹാരിസ് പറയുന്നത്. വിഷയത്തില്‍ സമ്മിശ്ര നിലപാടാണ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെയ്ക്കുന്നത്. രാജ്യവ്യാപകമായി ഗര്‍ഭച്ഛിദ്ര നിരോധനം നടപ്പാക്കരുതെന്നും ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ഓരോ സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നുമാണ് ട്രംപ് പറയുന്നത്.
വിദേശനയം
മധ്യേഷ്യയിലേയും യുക്രൈനിലേയും സംഘര്‍ഷങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുമെന്നാണ് ട്രംപ് വാഗ്ദാനം. എന്നാല്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.2022 ലെ റഷ്യയുടെ അധിനിവേശത്തെത്തുടര്‍ന്ന് യുക്രൈനിന് സാമ്പത്തിക സഹായം നല്കിയ യുഎസിന്റെ നടപടിയെ ട്രംപ് നേരത്തെ വിമര്‍ശിച്ചിരുന്നു. അതേസമയം ഭരണം ലഭിച്ചാല്‍ യുക്രൈനിനുള്ള പിന്തുണ തുടരുമെന്നാണ് കമല വ്യക്തമാക്കിയത്.
ഗാസയ്ക്കും പാലസ്തീനുമെതിരായ ആക്രമണത്തില്‍ ട്രംപും കമലയും ഇസ്രായേലിന് ഒരുപോലെ പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. അടുത്തിടെ ട്രംപ് ലെബനനിലെയും ഗാസയിലെയും സംഘര്‍ഷങ്ങള്‍ക്ക് നെതന്യാഹുവിനെ വിളിച്ച് പിന്തുണ അറിയച്ചിരുന്നു. അതേസമയം ഗസയോടും ലബനോയും കൂടുതല്‍ സഹാനുഭൂതി പ്രകടിപ്പിച്ച് കൊണ്ടായിരുന്നു കമലയുടെ പ്രതികരണം.
കാലാവസ്ഥ
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ഇരുനേതാക്കളും വ്യക്തമായ നിലപാട് ഇതുവരേയും അവതരിപ്പിച്ചിട്ടില്ല. കാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ തട്ടിപ്പാണെന്നാണ് പലപ്പോഴും ട്രംപ് വിമര്‍ശിച്ചിട്ടുള്ളത്. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിനും ഇലക്ട്രിക് വാഹനങ്ങള്‍ക്കും സബ്സിഡി അവസാനിപ്പിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം പാരീസ് കാലാവസ്ഥാ കരാറില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ആവര്‍ത്തിക്കുകയാണ് കമല. ഗ്രീന്‍ എനര്‍ജിയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്ന ഇന്‍ഫ്ലേഷന്‍ റിഡക്ഷന്‍ ആക്ട് തുടരുമെന്നും കമല പറയുന്നു. പണപ്പെരുപ്പം കുറയ്ക്കുന്നതിനും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഊര്‍ജ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുമെന്നും കമല വ്യക്തമാക്കുന്നു.