വാഷിങ്ടണ്‍: പോളിങ്ങിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തികഞ്ഞ ആത്മവിസ്വാസത്തിലാണ് ഡൊണാള്‍ഡ് ട്രംപും കമല ഹാരീസും. തങ്ങളായിരിക്കും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് എന്ന് ഇരുവരും ഉറച്ചു വിശ്വസിക്കുന്നു. ഇവരുടെ ശുഭാപ്തി വിശ്വാസത്തിന് തക്കതായ കാരണങ്ങളുമുണ്ട്.
ട്രംപിന്റെ ആത്മവിശ്വാസത്തിന്റെ കാരണങ്ങള്‍ എന്താണെന്നുവച്ചാല്‍, 2020-ല്‍ ജോ ബൈഡനോടേറ്റ തോല്‍വി ഈ നിമിഷം വരെ ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വ്യാജമാണ് എന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ലതാനും. എങ്കിലും ബൈഡന്റെ കാലത്ത് രാജ്യം നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചു എന്നാണ് ട്രംപ് പറയുന്നത്. ഒക്ടോബറില്‍ യു.എസിലെ തൊഴില്‍ വളര്‍ച്ച ഗണ്യമായി കുറഞ്ഞു.
ക്കാറ്റും തൊഴില്‍ സമരങ്ങളും ഇതിനെ ബാധിച്ചു, ജീവിതച്ചെലവ് സംബന്ധിച്ച ആശങ്കകള്‍ വോട്ടര്‍മാരില്‍ ഉണ്ടായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായിട്ടും കഴിഞ്ഞ മാസം വെറും 12,000 തൊഴിലവസരങ്ങള്‍ ആണ് സൃഷ്ടിച്ചത്. ഇത് പ്രതീക്ഷിച്ചതിലും വളരെ താഴെയും സെപ്റ്റംബറിലെ 2,23,000-ല്‍ നിന്ന് വളരെ കുറഞ്ഞുവെന്നും തൊഴില്‍ വകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
മിക്ക അമേരിക്കക്കാരും പറയുന്നത് തങ്ങള്‍ ദിവസവും പണപ്പെരുപ്പവുമായി പൊരുതുകയാണെന്നാണ്. കൊവിഡിന് ശേഷം യു.എസിലെ പണപ്പെരുപ്പം 1970-കള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. അതിനാല്‍ യു.എസ് വോട്ടര്‍മാര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നാണ് ട്രംപിന്റെ പ്രതീക്ഷ. അനധികൃത കുടിയേറ്റമാണ് മറ്റൊരു ഘടകം. കുടിയേറ്റ പ്രതിസന്ധി പരിഹരിക്കുന്നതില്‍ വോട്ടര്‍മാര്‍ ഡൊണാള്‍ഡ് ട്രംപിനെയാണ് കൂടുതല്‍ വിശ്വസിക്കുന്നത്.
മെക്സിക്കന്‍ അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍ ബൈഡന്റെ കീഴില്‍ റെക്കോര്‍ഡ് തലത്തിലെത്തിയതും ഇതിന് കാരണമാണ്. 2021 ജനുവരി 6-ലെ ക്യാപിറ്റോള്‍ കലാപത്തില്‍ ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെങ്കിലും അദ്ദേഹത്തിനിപ്പോഴും 40 ശതമാനത്തിന് മുകളില്‍ ജനപിന്തുണയുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തന്റെ മിക്ക പ്രസംഗങ്ങളിലും റഷ്യ, ഉക്രെയ്ന്‍, ഇസ്രായേല്‍, ഹമാസ് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്. താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ വലിയ യുദ്ധങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബൈഡന്റെ കീഴില്‍ അമേരിക്ക ദുര്‍ബലമാണെന്ന തോന്നലുണ്ടായി എന്നാണ് വിലയിരുത്തല്‍.
കമല ഹാരിസിന്റെ ആത്മവിശ്വാസത്തിന്റെ കാരണങ്ങളുണ്ട്. ബൈഡന് കഴിഞ്ഞ തവണ ലഭിച്ച പിന്തുണ തന്നെയാണ് കമല ഹാരിസിന്റെ ആത്മവിശ്വാസത്തിന്റെ ആണിക്കല്ല്. കൂടാതെ ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം യു.എസ് സുപ്രീം കോടതി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്. സ്ത്രീ വോട്ടര്‍മാരും, ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഉത്കണ്ഠയുള്ളവരും അവരുടെ അവകാശങ്ങള്‍ക്കായി കമല ഹാരിസിനെ പിന്തുണയ്ക്കുന്നു.
ബി.ബി.സി റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തവണ, സ്വിംഗ് സ്റ്റേറ്റ് അരിസോണ ഉള്‍പ്പെടെ ഏകദേശം 10 സംസ്ഥാനങ്ങളില്‍ ഗര്‍ഭച്ഛിദ്രം എങ്ങനെ നിയന്ത്രിക്കണമെന്ന് വോട്ടര്‍മാരോട് ചോദിക്കുന്ന ബാലറ്റ് സംരംഭങ്ങള്‍ ഉണ്ടാകും. ഇത് ഹാരിസിന് അനുകൂലമായി പോളിംഗ് ശതമാനം വര്‍ധിപ്പിക്കും എന്നാണ് കണക്കുകൂട്ടല്‍. കമല ഹാരിസിനെ പിന്തുണയ്ക്കുന്ന മുതിര്‍ന്ന തലമുറയും കോളേജ് ബിരുദമുള്ളവരും യു.എസ് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധ്യതയുണ്ട്.
എന്നാല്‍ യുവാക്കളെയും കോളേജ് ബിരുദമില്ലാത്തവരെയും പോലെയുള്ള കുറഞ്ഞ പോളിംഗ് ഗ്രൂപ്പുകളുടെ പിന്തുണയാണ് ട്രംപിനുള്ളത്. ന്യൂയോര്‍ക്ക് ടൈംസ്-സിയീന വോട്ടെടുപ്പ് അനുസരിച്ച് 2020-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടും വോട്ട് ചെയ്യാത്തവരില്‍ ആണ് ഡൊണാള്‍ഡ് ട്രംപിന് വലിയ സ്വാധീനമുള്ളത്.