വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് പുരോഗമിക്കുമ്പോൾ മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ട്രംപ് ഫ്ലോറിഡയിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ മെലാനിയ ട്രംപിനൊപ്പമാണ് മുൻ പ്രസിഡന്‍റ് പാം ബീച്ചിലെ വോട്ടിംഗ് സെന്‍ററിലെത്തിയത്. ഇക്കുറി വിജയമുറപ്പാണെന്നാണ് ട്രംപ് വോട്ട് ചെയ്ത ശേഷം പ്രതികരിച്ചത്.
യാഥാസ്ഥിതികർ വളരെ ശക്തമായി വോട്ട് ചെയ്യുന്നതായി തോന്നുന്നുവെന്നാണ് ട്രംപ് ഫ്ലോറിഡയിലെ പാം ബീച്ചിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. റിപ്പബ്ലിക്കൻമാർ ശക്തി പ്രാപിച്ചതായി തോന്നുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്‍റെ പ്രചാരണത്തെക്കുറിച്ച് എന്തെങ്കിലും പശ്ചാത്താപമുണ്ടോ എന്ന ചോദ്യത്തിന് ‘എനിക്കൊന്നും ചിന്തിക്കാനാവുന്നില്ല’ എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.
ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസും വൈകാതെ വോട്ട് രേഖപ്പെടുത്തും. പ്രസിഡന്‍റ് ബൈഡൻ നേരത്തെ തന്നെ വോട്ട് ചെയ്തിരുന്നു. രാജ്യത്തെ വിവിധ സമയ സോണുകളിൽ പ്രാദേശിക സമയം ഏഴ് മണി മുതൽ രാത്രി എട്ടു് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 8 കോടി ജനങ്ങൾ ഇതിനോടകം വോട്ടു ചെയ്തു കഴിഞ്ഞു. പ്രവർത്തി ദിനമായ ഇന്ന് പലരും ജോലിക്കിടയിൽ നിന്ന് വന്നുകൊണ്ടാണ് വോട്ട് ചെയ്യുന്നത്.
കമല ഹാരിസും ഡോണൾഡ് ട്രംപും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് വലിയ ആവേശത്തോടെ കുതിക്കുകയാണ്. മന്ദഗതിയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് പോളിംഗ് കുതിച്ചുയരുകയാണെന്നാണ് അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ഇക്കുറി ഉണ്ടാകുമോ എന്നത് കണ്ടറിയണം.