Thursday, November 7, 2024

HomeNewsKeralaപാലക്കാട്ടെ പാതിരാ റെയ്ഡ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി; പരാതിയുമായി പ്രതിപക്ഷനേതാവും

പാലക്കാട്ടെ പാതിരാ റെയ്ഡ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി; പരാതിയുമായി പ്രതിപക്ഷനേതാവും

spot_img
spot_img

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പാലക്കാട് ജില്ലാ കലക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പാലക്കാട്ടെ ഹോട്ടലിലെ പാതിരാ റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, എന്താണ് സംഭവിച്ചത് എന്നതടക്കം റിപ്പോര്‍ട്ട് നല്‍കാനാണ് കലക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പാതിരാ റെയ്ഡില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മിഷനെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നു.

അര്‍ദ്ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും. സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് നിയമം അനുശാസിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ലെന്നും സതീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എഡിഎം, ആര്‍ഡിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു. ഇത് നിയമവിരുദ്ധമാണ്. രാത്രി 12 മണിക്ക് ശേഷം തുടങ്ങിയ പരിശോധനയില്‍ പുലര്‍ച്ചെ 2.30 ആയപ്പോള്‍ മാത്രമാണ് എഡിഎമ്മും ആര്‍ഡിഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് എഡിഎം വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ പരാതിയില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments