ഇല്ലിനോയ്‌സ്: ഇല്ലിനോയ്‌സിലെ ഡ്യുപേജ് കൗണ്ടി തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പാറ്റി ഗസ്റ്റിനെ 8,521വോട്ടുകളുടെ വ്യത്യാസത്തില്‍ തറപറ്റിച്ച സബ ഹൈദര്‍ അലിഗഢ് യൂണിവേഴ്‌സിറ്റി മുന്‍ സ്വര്‍ണ മെഡല്‍ ജേത്രി.
ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ജനിച്ച സബ ഹൈദര്‍ 15 വര്‍ഷത്തിലേറെയായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്നണി പോരാളിയാണ്. യോഗയുടെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും വക്താവാണ് അവര്‍. ഓണ്‍ലൈനിലൂടെയും ക്ലാസുകളിലൂടെയും ആയിരക്കണക്കിന് ആളുകളിലേക്ക് അവര്‍ ആരോഗ്യ സ?ന്ദേശം എത്തിക്കുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബോധവത്കരണ സംരംഭങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. ഷികാഗോയില്‍ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിക്കുക, സംസ്‌കൃതം, പ്രാണായാമം എന്നിവയെക്കുറിച്ച് ശില്‍പശാലകള്‍ നടത്തുക, വിവേകാനന്ദ ഇന്റര്‍നാഷനല്‍ ഈസ്റ്റ്-വെസ്റ്റ് യോഗ കോണ്‍ഫറന്‍സ് സംഘാടനം എന്നിവയില്‍ സബ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2022ല്‍ ചെറിയ വോട്ടുകള്‍ക്ക് തോല്‍വി നേരിട്ടിരുന്നുവെങ്കിലും തളരാതെ തന്റെ പ്രചാരണം തുടരുകയും ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു സബ ഹൈദര്‍. ഇത്തവണ ഡെമോക്രാറ്റിക് പാര്‍ട്ടി അവര്‍ക്ക് രണ്ടാമത്തെ അവസരം നല്‍കി.
സബയുടെ അമ്മ മെഹ്സബീന്‍ ഹൈദര്‍ പാവപ്പെട്ട കുട്ടികള്‍ക്കായി സ്‌കൂള്‍ നടത്തുന്നു. സബയുടെ വിജയം അവരുടെ കുടുംബത്തിന് മാത്രമല്ല, ഇന്ത്യന്‍ സമൂഹത്തിനും ഏറെ അഭിമാനമാണ്.