ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്‍റെയും വിവാഹത്തില്‍ മുറിച്ച കേക്കിന്‍റെ ഭാഗം ലേലത്തില്‍ വിറ്റു, 77 വർഷം പഴക്കമുള്ള കേക്ക് 2.36 ലക്ഷം രൂപയക്കാണ് (2,200 പൗണ്ട്) സ്‌കോട്ട്‌ലൻഡിൽ ലേലത്തില്‍ വിറ്റത്. 1947 നവംബര്‍ 20നാണ് ഇരുവരുടെയും വിവാഹം നടന്നത്. 500 പൗണ്ട് അടിസ്ഥാന വില നിശ്ചയിച്ചിരുന്ന കേക്ക് പ്രതീക്ഷകള്‍ മറികടന്നാണ് വമ്പന്‍ വിലയിലേക്ക് കുതിച്ചത്. ചൈനയില്‍ നിന്നുള്ള വ്യക്തിയാണ് കേക്ക് ലേലം കൊണ്ടത്. ഫോണിലൂടെയാണ് ഇദ്ദേഹം ലേലത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
1931 മുതല്‍ 1969 വരെ എഡിൻബർഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലെ ജീവനക്കാരനായിരുന്ന മാറിയന്‍ പോള്‍സണിന് സമ്മാനമായി നല്‍കിയതാണ് കേക്ക് എന്നാണ് ലേല സ്ഥാപനമായ റീമാൻ ഡാൻസി വ്യക്തമാക്കിയത്. 1980 ല്‍ പോള്‍സന്‍റെ മരണം വരെ കേക്ക് അദ്ദേഹം സൂക്ഷിച്ചിരുന്നു. ശേഷം മറ്റു വസ്തുക്കള്‍ക്കൊപ്പം ഇവ സൂക്ഷിക്കുകയായിരുന്നു. കട്ടിലിന് അടിയില്‍ നിന്നാണ് കേക്ക് ലഭിച്ചത്.
എലിസബത്ത് രാജകുമാരിയുടെ വെള്ളി ചിഹ്നമുള്ള ഒറിജിനല്‍ ബോക്സിലാണ് കേക്ക് സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം എലിസബത്ത് രാജ്ഞിയുടെ കത്തും ഉണ്ടായിരുന്നു. പോൾസണിന്റെ ‘ഡെസേർട്ട് സർവീസി’നെ പ്രശംസിച്ചു കൊണ്ടുള്ള കത്തായിരുന്നു അത്. പോൾസണിന്റെ സേവനത്തില്‍ രാജകുടുംബം സംതൃപ്തിയും അറിയിച്ചിരുന്നു.
യുകെയിലെ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്‍റെയും വിവാഹത്തില്‍ ഉപയോഗിച്ച യഥാര്‍ഥ കേക്കിന് ഒന്‍പത് അടി ഉയരമുണ്ടായിരുന്നു. 227 കിലോഗ്രാം ഭാരമുള്ള കേക്ക് 2,000 ലധികം അതിഥികള്‍ക്കാണ് വിതരണം ചെയ്തത്.