കൊച്ചി : സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനവും കുതിപ്പ് തുടര്‍ന്ന് മലപ്പുറം. മലപ്പുറത്തിനേക്കാള്‍ ഒരു സ്വര്‍ണം കൂടുതല്‍ പാലക്കാടിനുണ്ടെങ്കിലും മറ്റ് മെഡലുകളിലെ മേല്‍ക്കോയ്മയിലാണ് മലപ്പുറം മുന്നിലെത്തിയത്. 19 സ്വര്‍ണവും 23 വെള്ളിയും 20 വെങ്കലവുമടക്കം 192 പോയിന്റാണ് മലപ്പുറത്തിനുള്ളത്. 169 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 169 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. 20 സ്വര്‍ണം, 12 വെള്ളി, 14 വെങ്കലം എന്നിങ്ങനെയാണ് പാലക്കാടിന് സ്വന്തമായിട്ടുള്ളത്. ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും 7 വെങ്കലവുമടക്കം 60 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്. 59 പോയിന്റുമായി തിരുവനന്തപുരം നാലാമതും മുന്‍ ചാമ്പ്യന്മാരും ആതിഥേയരുമായ എറണാകുളം 56 പോയിന്റുമായി അഞ്ചാമതുമാണ്.
ഏറ്റവും മികച്ച സ്‌കൂളിനായുള്ള പോരാട്ടത്തില്‍ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് കുതിക്കുകയാണ്. ആറ് സ്വര്‍ണവും 10 വെള്ളിയും 76 വെങ്കലവുമടക്കം 66 പോയിന്റാണ് നിലവില്‍ ഐഡിയലിനുള്ളത്. മുന്‍ ചാമ്പ്യന്മാരായ എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് നാല് സ്വര്‍ണവും ആറ് വെള്ളിയുമടക്കം 38 പോയിന്റുമായി രണ്ടാമതാണ്. അഞ്ച് സ്വര്‍ണവും ഒന്ന് വീതം വെള്ളിയും വെങ്കലവുമടക്കം 29 പോയിന്റുമായി ചരിത്രത്തിലാദ്യമായി കാസര്‍കോട് കുട്ടമത്ത് സ്‌കൂള്‍ മൂന്നാമതും രണ്ട് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 28 പോയിന്റുമായി തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് നാലാമതുമാണ്.കായികമേളയുടെ നാലാം ദിവസമായ ഇന്നലെ നാല് റിക്കാര്‍ഡുകള്‍ പിറവിയെടുത്തു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ പാലക്കാട്, സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മുഹമ്മദ് അമീന്‍. എം.പി, ഷോട്ട്പുട്ടില്‍ കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ കെ.സി. സര്‍വന്‍ എന്നിവരാണ് റിക്കാര്‍ഡിന് അവകാശികളായത്.