മോസ്കോ: കീവ് റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഞായറാഴ്‌ച പുലർച്ചെ യുക്രെയ്നിന്റെ കനത്ത ഡ്രോൺ ആക്രമണം.ഇവയിലേറെയും വെടിവച്ചിട്ടു. യുദ്ധം ആരംഭിച്ചതിനുശേഷം യുക്രെയ്ൻ മോസ്കോയിൽ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.
ഒരു സ്ത്രീക്കു പരുക്കേറ്റു. മോസ്കോയിലെ 3 രാജ്യാന്തര വിമാനത്താവളങ്ങളിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. മൂന്നു മണിക്കൂറോളം ആക്രമണം നീണ്ടു. ആകെ 36 ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടെന്ന് റഷ്യ അറിയിച്ചു.
2022ൽ യുദ്ധം ആരംഭിച്ചശേഷം റഷ്യൻ സൈന്യത്തിന് ഏറ്റവും ആൾനാശമുണ്ടായതു കഴിഞ്ഞ മാസമാണെന്ന് യുകെ ഡിഫൻസ് സ്‌റ്റാഫ് മേധാവി ടോണി റഡാക്കിൻ ബിബിസി അഭിമുഖത്തിൽ വെളിപ്പെടുത്തി. ഒക്ടോബറിൽ റഷ്യൻ പക്ഷത്ത് 1500 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണു കണക്ക്.