ന്യൂയോര്‍ക്ക്: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. തന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് രണ്ട് ദിവസത്തിന് ശേഷം നവംബര്‍ ഏഴിന് റഷ്യന്‍ പ്രസിഡന്റുമായി ഇതുസംബന്ധിച്ച് ട്രംപ് സംസാരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈനിലെ സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇരു നേതാക്കളും യുക്രൈനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ്-റഷ്യ ബന്ധം പുനഃസ്ഥാപിക്കേണ്ടതിന്റെയും അതിനായി പ്രവര്‍ത്തിക്കേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് ട്രംപിന് പുടിന്‍ അഭിനന്ദന സന്ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു അഭിനന്ദന സന്ദേശം. ഇതിന്റെ തുടര്‍ച്ചയായാണ് പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചത്. ട്രംപ് വ്യാഴാഴ്ച ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ നിന്നാണ് കോള്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപ് താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയ കാര്യം ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിട്ടില്ല.