ടെഹ്റാൻ: കഴിഞ്ഞ ഇരുപത് വർഷമായി 200 ലധികം സ്ത്രീകളെ ബലാത്സംഗം ചെയ്‌തതിന് ഇറാനിൽ 43 കാരനെ പരസ്യമായി വധിച്ചു. മുഹമ്മദ് അലി സലാമത്തിനെയാണ് തൂക്കിലേറ്റിയത്. ഇറാന്റെ പടിഞ്ഞാറൻ നഗരമായ ഹമേദാനിലെ സെമിത്തേരിയിലാണ് വധശിക്ഷ നടപ്പിലാക്കിയത്. നഗരത്തിൽ ഫാർമസിയും ജിമ്മും നടത്തിയിരുന്ന മുഹമ്മദ് അലിക്കെതിരെ ഇരുന്നൂറോളം സ്ത്രീകളാണ് പരാതി നൽകിയത്.
സ്ത്രീകളോട് വിവാഹഭ്യർഥന നടത്തുകയോ ഡേറ്റിങിൽ ഏർപ്പെടുകയോ ചെയ്‌ത് അടുപ്പം സൃഷ്ടിക്കുന്നതാണ് മുഹമ്മദ് അലിയുടെ പതിവ് രീതി. ഇതിനു ശേഷമായിരുന്നു ബലാത്സംഗം. ചിലർക്ക് ഇയാൾ ഗർഭ നിരോധന ഗുളികകളും നൽകി. ജനുവരിയിലാണ് മുഹമ്മദ് അലി അറസ്റ്റിലാകുന്നത്. അറസ്റ്റിനു പിന്നാലെ നൂറുകണക്കിന് ആളുകൾ നഗരത്തിലെ നീതിന്യായ വകുപ്പിൽ തടിച്ചുകൂടി മുഹമ്മദ് അലിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.