ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞ് മൂടിയതോടെ രാജ്യ തലസ്ഥാനത്തെ വായുനിലവാരം അതിഗുരുതരാവസ്ഥയിലേക്ക് കടന്നു . ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാവിലെ ഏഴ് മണി മുതല്‍ ആറ് വിമാനങ്ങള്‍ ജയ്പുരിലേക്കും ഒന്ന് ലഖ്‌നൗവിലേക്കും ഉള്‍പ്പെടെ 10 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. രാവിലെ 8.30-ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദൂരക്കാഴ്ചയും മോശമായതോടെയാണ് തീരുമാനം. വായു നിലവാരം മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 5.30-ഓടെ തന്നെ കനത്ത മഞ്ഞ് രൂപപ്പെട്ടു തുടങ്ങിയിരുന്നു. മൂടല്‍ മഞ്ഞ് മൂന്നു ദിവസത്തേക്കെങ്കിലും തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.