വലെന്‍സിയ: രണ്ടാഴ്ച്ച് മുമ്പ് 200 ലധികം ജീവനുകള്‍ കവര്‍ന്നെടുത്ത പേമാരിക്ക് പിന്നാലെ സ്‌പെയിനില്‍ വീണ്ടും പേമാരി മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് സ്െപയിനിലെ സ്‌കൂളുകള്‍ അടച്ചു. പലയിടങ്ങളിലും ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചു. 215പേരുടെ ജീവനെടുത്ത വന്‍ പേമാരി കഴിഞ്ഞ് വെറും രണ്ട് ആഴ്ച പിന്നിടും മുന്‍പാണ് പുതിയ പേമാരി എത്തുന്നത്. ബുധാനാഴ്ച രാവിലെയാണ് സ്‌പെയിനിലെ തെക്ക് കിഴക്കന്‍ മേഖലയിലേക്ക് പേമാരിയെത്തുന്നതായുള്ള മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നല്‍കിയത്.സുരക്ഷാ മുന്നറിയിപ്പിലെ ഏറ്റവും ഉയര്‍ന്ന ആംബര്‍ അലര്‍ട്ടാണ് കാറ്റലോണിയയിലെ തറഗോണ പ്രവിശ്യയിലും ആന്‍ഡലൂസിയയിലെ മലാഗയിലും നല്‍കിയിട്ടുള്ളത്.
ആന്‍ഡലൂസിയയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. ഗ്വാഡല്‍ഹോര്‍സ് നദിയുടെ പരിസരത്ത് നിന്ന് മൂവായിരത്തിലേറെ ആളുകളെയാണ് പ്രാദേശിക ഭരണകൂടം ഒഴിപ്പിച്ചിട്ടുള്ളത്. മാഡ്രിഡുമായി മലാഗയിലേക്കുള്ള ഹൈ സ്പീഡ് റെയില്‍ സര്‍വ്വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. വ്യാഴാഴ്ച വരെയാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചിട്ടുള്ളത്. മലാഗ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളേയും പേമാരി മുന്നറിയിപ്പ് ബാധിച്ചിട്ടുണ്ട്. മെട്രോ സര്‍വ്വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്.രണ്ട് ആഴ്ച മുന്‍പ് വലന്‍സിയയില്‍ രൂക്ഷമായി വലച്ച പേമാരിയുടെ മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന് പിഴച്ചിരുന്നു.
ഇതിന്റെ പേരില്‍ പ്രളയ ബാധിത മേഖല സന്ദര്‍ശിക്കാനെത്തിയ രാജാവിനെതിരെ ചെളിയേറ് വരെ നടന്ന പശ്ചാത്തലത്തില്‍ വലിയ രീതിയിലുള്ള മുന്‍ കരുതലുകളാണ് നിലവില്‍ സ്‌പെയിനില്‍ സ്വീകരിച്ചിട്ടുള്ളത്. വലന്‍സിയയില്‍ ഓറഞ്ച് അലര്‍ട്ട് റെഡ് അലര്‍ട്ടായി മാറിയിട്ടുണ്ട്. അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. ഒരു സ്‌ക്വയര്‍ മീറ്ററിലേക്ക് 180 ലിറ്റര്‍ ജലം വീഴാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. അഞ്ച് മണിക്കൂറില്‍ മേഖലയില്‍ വെള്ളം നിറയുമെന്നാണ് പ്രവചനം.
രണ്ട് ആഴ്ച മുന്‍പുണ്ടായ പേമാരി പോലെ തന്നെ ശക്തമായ മഴയാണ് പെയ്യുകയെന്നും മുന്നറിയിപ്പ് വിശദമാക്കുന്നു.അഴുക്കുചാലുകളിലും മറ്റും വലിയ രീതിയില്‍ ചെളിയും മറ്റും നിറഞ്ഞതിനാല്‍ നേരത്തെയുണ്ടായതിനേക്കാള്‍ ശക്തമായ പ്രളയമാണ് വരാന്‍ പോകുന്നതെന്നും മുന്നറിയിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വലന്‍സിയയിലും പരിസരമേഖലയിലും 20000ലേറെ സൈനികരും പൊലീസുകാരുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുള്ളത്. മുന്‍പ്രളയം സാരമായി ബാധിച്ച ചിവയില്‍ കായിക മത്സരങ്ങള്‍ അടക്കം റദ്ദാക്കിയിട്ടുണ്ട്. അതേസമയം മുന്‍ പ്രളയത്തില്‍ കാണാതായ 23 പേര്‍ക്കായുള്ള തെരച്ചില്‍ ഇനിയും അവസാനിപ്പിച്ചിട്ടില്ല.