ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഹൈപ്പർസോണിക് മിസൈലിൻ്റെ പരീക്ഷണം വിജയകരം. ഇതോടെ ഹൈപ്പർസോണിക് ആയുധ സാങ്കേതിക വിദ്യ വികസിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും കടന്നിരിക്കുകയാണ്. ഒഡിഷ തീരത്തെ ഡോ. എപിജെ അബ്ദുൽ കലാം ദ്വീപിലാണ് പരീക്ഷണം നടന്നത്.
ഏകദേശം മണിക്കൂറിൽ 6120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നതാണ് ഹൈപ്പർസോണിക് ആയുധങ്ങൾ. ആണവായുധങ്ങൾ വരെ ഇവക്ക് വഹിക്കാനാകും. കൂടാതെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും സാധിക്കും.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനാണ് ഇന്ത്യയുടെ ഹൈപർസോണിക് മിസൈൽ വികസിപ്പിച്ചത്. ആയുധങ്ങൾ വഹിച്ച് 1500 കിലോമീറ്റർ ദൂരം വരെ ഇതിന് സഞ്ചരിക്കാനാകും. മിസൈലിെൻറ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് ചരിത്രനിമിഷമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഹൈപ്പർ സോണിക് മിസൈൽ നിർമാണ രംഗത്ത് മുൻപന്തിയിലുള്ളത്. കൂടാതെ അമേരിക്കയും ഈ സാങ്കേതിക വിദ്യയിൽ കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്. ഫ്രാൻസ്, ജർമനി, ആസ്ത്രേലിയ, ജപ്പാൻ, ഇറാൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുടെ കൈവശവും ഹൈപ്പർസോണിക് മിസൈലുകളുണ്ട്.