റോം: ഗസ്സയിലെ ഇസ്രയേലിന്റെ സൈനിക നീക്കം വംശഹത്യയാണോ എന്ന് പരിശോധിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ‘ഹോപ് നെവർ ഡിസപോയിന്റ്സ്. പിൽഗ്രിംസ് ടുവാഡ്സ് എ ബെറ്റർ വേൾഡ്’ എന്ന പുസ്തകത്തിലാണ് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടതായി പറയുന്നത്.
മാർപാപ്പയുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ഹെർണൻ റെയ്സ് അൽകൈഡാണ് പുസ്തകം തയാറാക്കിയത്. ഗസ്സയിൽ നടക്കുന്നത് വംശഹത്യയുടെ ലക്ഷണങ്ങളുള്ള കാര്യമാണ്. അന്താരാഷ്ട്ര നിയമജ്ഞരും സംഘടനകളും രൂപപ്പെടുത്തിയ സാങ്കേതിക നിർവചനവുമായി ഇത് യോജിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ ശ്രദ്ധാപൂർവ്വം അന്വേഷിക്കണം -മാർപാപ്പ പറഞ്ഞു.
മാർപാപ്പയുടെ പരാമർശത്തോട് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഇസ്രായേലിന്റെ ഗസ്സ, ലബനാൻ ആക്രമണങ്ങൾ അധാർമികമാണെന്നും യുദ്ധചട്ടങ്ങൾ സൈന്യം ലംഘിച്ചതായും സെപ്റ്റംബറിൽ മാർപാപ്പ ചൂണ്ടിക്കാട്ടിയിരുന്നു.