റിയോ ഡെ ജനീറോ: ആഗോള സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ഭക്ഷ്യ, ഇന്ധന പ്രതിസന്ധി ഏറ്റവുമധികം ബാധിക്കുന്നത് ഗ്ലോബൽ സൗത്ത് രാജ്യങ്ങളെയാണെന്നും ഈ വിഷയത്തിൽ ജി20 ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രസിലീൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഇന്ത്യയുടെ ജി20 പ്രമേയം കഴിഞ്ഞ വർഷത്തേതുപോലെ ഈ വർഷത്തെ ഉച്ചകോടിയിലും പ്രസക്തമാണെന്ന് മോദി പറഞ്ഞു. ഗ്ലോബൽ സൗത്തിൻ്റെ വെല്ലുവിളികളും മുൻഗണനകളും ഓർമയിലുണ്ടാകുമ്പോൾ മാത്രമാണ് നമ്മുടെ ചർച്ചകൾ വിജയകരമാവുക.
ആഗോള സംഘടനകളുടെ പരിഷ്‍കരണത്തിനും മോദി ഉച്ചകോടിയിൽ ആഹ്വാനം ചെയ്തു. ന്യൂഡൽഹി ഉച്ചകോടിയിൽ ആഫ്രിക്കൻ യൂനിയന് ജി20 സ്ഥിരാംഗത്വം നൽകിയതുവഴി ഗ്ലോബൽ സൗത്തിന്‍റെ ശബ്ദത്തിന് പിന്തുണ നൽകിയതുപോലെ മറ്റ് ആഗോള സംഘടനകളുടെ പരിഷ്‍കരണവും സാധ്യമാണ്. വിശപ്പിനും ദാരിദ്ര്യത്തിനും എതിരായ ആഗോള സഖ്യത്തിനുള്ള ബ്രസീലിന്റെ ഉദ്യമങ്ങളെ പിന്തുണക്കുന്നതായും മോദി കൂട്ടിച്ചേർത്തു.