റിയോ ഡി ജനീറോ: ബ്രസീലിൽ നടക്കുന്ന ജി- 20 ഉച്ചകോടിക്കായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ന ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു. ഇറ്റലി, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ള നേതാക്കളുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്.
നൈജീരിയയിലെ രണ്ടു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഞായറാഴ്ച ബ്രസീലിലെത്തിയ മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി ആദ്യം കൂടിക്കാഴ്ച നടത്തി. പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതിക വിദ്യ എന്നിവയിലെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുമുള്ള വഴികള്‍ കൂടിക്കാഴ്ചയില്‍ വിഷയമായി. കൂടിക്കാഴ്ചയില്‍ അതീവ സന്തോഷവാനാണെന്ന് മോദി എക്‌സില്‍ കുറിച്ചു. . ഇന്ത്യ-ഇറ്റലി സൗഹൃദം വളരെയധികം സംഭാവനകള്‍ നല്‍കുന്നതായിരിക്കുമെന്നും മോദി എക്‌സില്‍ കുറിച്ചു. മോദിയെ കാണുന്നതില്‍ സന്തോഷമുണ്ടെന്നും ഇരുരാജ്യങ്ങളുടേയും സമ്പദ് വ്യവസ്ഥകളുടേയും പൗരന്‍മാരുടേയും ഉന്നമനത്തിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മെലോണിയും എക്‌സില്‍ കുറിച്ചു..
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്, യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായും മോദി കൂടിക്കാഴ്ച നടത്തി. സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നിവയിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യ- ഇന്തോനേഷ്യ നയതന്ത്ര ബന്ധത്തിന്റെ 75 ാം വര്‍ഷം ആഘോഷിക്കുന്ന സമയത്താണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുമായും മോദി കൂടിക്കാഴ്ച നടത്തി. പുനരുപയോഗ ഊര്‍ജം, ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നത്. നവീകരണം, സഹകരണം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു നോര്‍വീജിയന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങള്‍.