ന്യൂഡൽഹി/റിയോ ഡെ ജനീറോ: അതിർത്തി തർക്കം സംബന്ധിച്ച് പ്രത്യേക പ്രതിനിധികൾ തമ്മിലുള്ള ചർച്ച ഉടൻ നടത്താൻ ഇന്ത്യയും ചൈനയും തമ്മിൽ തീരുമാനമായി. റിയോ ഡെ ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും നടത്തിയ ചർച്ചയിലാണ് തീരുമാനം. നേരിട്ടുള്ള വിമാന സർവിസും കൈലാസ് മാനസരോവർ തീർഥാടനവും പുനരാരംഭിക്കുന്നതും ഉടൻ സാധ്യമാകുമെന്ന സൂചനകളും ചർച്ച നൽകി. അതിർത്തി പങ്കിടുന്ന നദികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനാണ് ഇരുനേതാക്കളും ചർച്ചയിൽ ഊന്നൽ നൽകിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ ധാരണയായശേഷം ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. അതിർത്തിയിലെ സൈനിക പിന്മാറ്റം സമാധാനം മെച്ചപ്പെടുത്തുന്നതിൽ പങ്കുവഹിച്ചതായി ഇരുനേതാക്കളും വിലയിരുത്തി. ഒക്ടോബർ 21നാണ് കിഴക്കൻ ലഡാക്കിൽ സൈനിക പിന്മാറ്റത്തിന് ധാരണയിലെത്തിയത്. തുടർന്ന് നാലരവർഷത്തെ ഇടവേളക്കുശേഷം ഇരുരാജ്യങ്ങളും പട്രോളിങ് ആരംഭിക്കുകയും ചെയ്തു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നേരിട്ടുള്ള വിമാന സർവിസും കൈലാസ് മാനസരോവർ തീർഥാടനവും നിർത്തിവെച്ചത്. ഇത് പുനരാരംഭിക്കുമെന്ന സൂചനയാണ് ചർച്ചയിലുണ്ടായത്.