എ.എസ് ശ്രീകുമാര്‍
വിവാദങ്ങളും നേതാക്കളുടെ പാര്‍ട്ടി മാറ്റവും കൊണ്ട് കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ വാശിയേറിയ പാലക്കാടന്‍ തിരഞ്ഞെടുപ്പില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 70.22 ശതമാനം പോളിങ് രേഖപ്പെടുത്തി. വൈകിട്ട് 6 മണിയോടെ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാനായത്. തുടര്‍ന്ന് വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യിപ്പിക്കുകയായിരുന്നു. അതേസമയം അണികളുടെ ആവേശത്തിന് അനുസരിച്ച് പോളിങ് ശതമാനം ഉയരാത്തത് മുന്നണികളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നുണ്ട്.
വിഖ്യാതമായ കല്‍പ്പത്തി രഥോല്‍സവത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടിവച്ചതിനെതുടര്‍ന്നാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടന്നത്. ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പുകള്‍ ഇക്കഴിഞ്ഞ 13-ാം തീയതി നടന്നിരുന്നു. വയനാട്ടില്‍ 64.72 ശതമാനവും ചേലക്കരയില്‍ 72.77 ശതമാനവും പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 8 ശതമാനം കുറവ് പോളിങാണ് വയനാട് മണ്ഡലത്തില്‍ ഇത്തവണ രേഖപ്പെടുത്തിയത്. ഇത് യു.ഡി.എഫ് ക്യാമ്പുകളെ അലോസരപ്പെടുത്തുന്നുണ്ട്.
കേരളപ്പിറവിക്ക് ശേഷം 1957-ലെ ആദ്യ നിയമസഭാ തിരഞ്ഞടുപ്പു മുതല്‍ പാലക്കാട് നിയമസഭാ മണ്ഡലമുണ്ട്. എന്നാല്‍ ഇതാദ്യമായാണിവിടെ ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാരില്‍ ഭൂരിപക്ഷം വനിതകളാണ്. 1,00,290 സ്ത്രീകളും 94,412 പുരുഷന്മാരും നാല് ട്രാന്‍ജെന്‍ഡര്‍മാരുമുണ്ടെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും കോണ്‍ഗ്രസിനോട് ഇടഞ്ഞ് ഇടതു മുന്നണിയിലേയ്ക്ക് ചാടി സി.പി.എം സ്വതന്ത്രനായി കളത്തിലിറങ്ങിയ ഡോ. പി സരിനും തമ്മിലുള്ള പോരാട്ടമായതുകൊണ്ട് പ്രവചനം അസാധ്യം. ബി.ജെ.പിക്ക് ആഴത്തില്‍ വേരോട്ടമുള്ള മണ്ഡലത്തില്‍ ഇത്തവണയും നടന്നത് ത്രികോണ മല്‍സരമാണ്.
കോണ്‍ഗ്രസിലെ പൊട്ടിത്തെറികൊണ്ട് ശ്രദ്ധേയമായ നിയമസഭാ മണ്ഡലമാണ് പാലക്കാട്. പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനോട് ഇടഞ്ഞ ഡോ. പി സരിന്റെ നീക്കത്തിലൂടെയാണ് മണ്ഡലം രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്. കോണ്‍ഗ്രസ്-ആര്‍.എസ്.എസ് ബാന്ധവം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബും പാര്‍ട്ടി വിട്ടിരിരുന്നു.
മറ്റ് ചില വിവാദങ്ങളും കളം കൊഴുപ്പിച്ചു. കോണ്‍ഗ്രസിനെതിരേ സരിന്‍ ഉന്നയിച്ച ഡീല്‍ വിവാദം പുകയുന്നതിനിടെ, കെ മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാനനേതൃത്വത്തിന് കൈമാറിയതെന്നുപറയപ്പെടുന്ന കത്ത് പുറത്തുവന്നു. യു.ഡി.എഫ്. കെ. മുരളീധരനെ പ്രചാരണത്തിനിറക്കിയതോടെ കത്തുവിവാദം വഴിമാറിപ്പോയി. ഇതിനിടയിലാണ് നേതാക്കളും മാധ്യമപ്രവര്‍ത്തകരുമെല്ലാം താമസിക്കുന്ന പാലക്കാട്ടെ ഹോട്ടലില്‍ നീല ട്രോളിബാഗില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി പണമെത്തിച്ചെന്ന വിവാദം കത്തിയത്.
അര്‍ധരാത്രി ഹോട്ടലില്‍ പോലീസ് പരിശോധനയ്‌ക്കെത്തി. ഹോട്ടല്‍മുറ്റത്ത് സംഘര്‍ഷം നിറഞ്ഞു. നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ കൈപൊള്ളിയത് പോലീസിനാണ്. വനിതാനേതാ നേതാക്കള്‍ താമസിച്ച മുറിയില്‍ വനിതാപോലീസിന്റെ സാന്നിധ്യമില്ലാതെ പോലീസ് പരിശോധനയ്‌ക്കെത്തുകയും പിന്നീട് വനിതാപോലീസുകൂടിയെത്തി പരിശോധിച്ചശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് എഴുതിനല്‍കുകയും ചെയ്തു.
ഇടതു മുന്നണി സ്ഥാനാര്‍ഥിയാവാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളുടെ പേര് ഉയര്‍ന്നിട്ടും പ്രഖ്യാപനത്തിന് ഏതാനുംദിവസം കാത്തുനിന്നതിനുപിന്നിലെ കാര്യങ്ങള്‍ രാഷ്ട്രീയലോകം ചികഞ്ഞു. അതിനിടയിലാണ് ഡോ. സരിന്‍ മറുകണ്ടം ചാടി ഇടത് സ്വതന്ത്രസ്ഥാനാര്‍ഥിയാവുന്നത്.
പിന്നീട് വ്യാജവോട്ടുകളെക്കുറിച്ചുള്ള ആരോപണമായിരുന്നു. കോണ്‍ഗ്രസും ബി.ജെ.പി.യും പലരുടെയും വോട്ടുകള്‍ അനധികൃതമായി ചേര്‍ത്തെന്ന് ആരോപിച്ചപ്പോള്‍ കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിലുള്‍പ്പെടെ ഒറ്റപ്പാലത്തെ വോട്ടറായിരുന്ന സരിന്‍ പാലക്കാട് നഗരസഭ ഭരിക്കുന്ന ബി.ജെ.പി.യുടെ ഒത്താശയോടെയാണ് വോട്ട് പാലക്കാട്ടേക്ക് മാറ്റിയതെന്ന ആരോപണവുമായി യു.ഡി.എഫും രംഗത്തെത്തി.
ഏതായാലും പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ചപ്പോള്‍, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് ടിക്കറ്റില്‍ പോരാടിയ ഡോ. പി സരിന്‍ ഇവിടെ സി.പി.എം സ്വതന്ത്രനായി സ്റ്റെതസ്‌കോപ്പ് ചിഹ്നത്തില്‍ ജനവിധി തേടി. ബി.ജെ.പി ഏറെ പ്രതീക്ഷ വെക്കുന്ന ഈ സീറ്റില്‍ സി കൃഷ്ണകുമാറാണ് താമരയടയാളത്തില്‍ പോരടിച്ചത്. അതേസമയം ബി.ജെ.പി. സംസ്ഥാന സമിതി അംഗമായിരുന്ന സന്ദീപ് വാരിയര്‍ കോണ്‍ഗ്രസ് പാളയത്തിലെത്തിയത് പാര്‍ട്ടിയെ എത്രമേല്‍ ക്ഷീണിപ്പിക്കുമെന്ന് കാത്തിരുന്ന് കാണാം.
പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂര്‍ താലൂക്കിലെ മാത്തൂര്‍ ഗ്രാമപഞ്ചായത്തും ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട് മണ്ഡലം. പാലക്കാട് ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന പാലക്കാട് കേരളത്തില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലം കൂടിയാണ്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇഞ്ചോടിഞ്ഞ് മല്‍സരമാണിവിടെ നടന്നത്. വോട്ടെണ്ണല്‍ തുടങ്ങി അവസാന മണിക്കൂറുകള്‍ വരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മെട്രോമാന്‍ ഇ ശ്രീധരനാണ് ലീഡ് ചെയ്തതിരുന്നത്. ഒരുഘട്ടത്തില്‍ ബി.ജെ.പി പാലക്കാട്ട് അക്കൗണ്ട് തുറന്നു എന്നു തോന്നിച്ചിടത്ത് നിന്നാണ് 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ വിജയിച്ചത്.
2006-ല്‍ കോണ്‍ഗ്രസിലെ എ.വി ഗോപിനാഥനെതിരെ വിജയിച്ച സി.പി.എം സ്ഥാനാര്‍ഥി കെ.കെ ദിവാകരനെ കീഴ്‌പ്പെടുത്തിയായിരുന്നു ഷാഫിയുടെ കന്നി വിജയം. 1967, 1970, 1996 തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ക്ക് ഇവിടെനിന്ന് വിജയിക്കാനായത്. കേരളത്തില്‍ ബി.ജെ.പിക്ക് വലിയ മുന്നേറ്റമുള്ള പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി കഴിഞ്ഞ തവണ സി.പി.എമ്മിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് മുതല്‍ക്കൂട്ടായ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവ നേതാവ് ആനുകാലിക സംഭവവികാസങ്ങളില്‍ അതിശക്തമായ ഇടപെടലുകള്‍ നടക്കിക്കൊണ്ടാണ് തന്റെ സാന്നിധ്യം സജീവമാക്കുന്നത്. രാഹുലിനൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ഡോ. സരിന്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ മല്‍സരിച്ചത് രാഷ്ട്രീയ ചതുരംഗക്കളിയിലെ ചില അപ്രതീക്ഷിത നീക്കങ്ങളുടെ ഭാഗം തന്നെയാണ്. ജില്ലയില്‍ നിന്ന് തന്നെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവായ സി കൃഷ്ണകുമാര്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടുനിന്ന് മല്‍സരിച്ചിരുന്നു.