ഓസ്ലോ: റഷ്യ ആണവായുധം നയം മാറ്റിയതിന് പിന്നാലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധസാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ലഘുലേഖകള്‍ നാറ്റോ അംഗരാജ്യങ്ങള്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്തതായാണ് വിദേശമാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തത്.
ആണവയുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ഭയത്തിനിടയില്‍ സ്വീഡന്‍ തങ്ങളുടെ പൗരന്മാരോട് സുരക്ഷിതരായിരിക്കണമെന്ന് ലഘുലേഖകളില്‍ മുന്നറിയിപ്പ് നല്‍കിയതായി യുകെ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇത് അഞ്ചാം തവണ മാത്രമാണ് സ്വീഡന്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലഘുലേഖ എല്ലാ സ്വീഡിഷ് കുടുംബങ്ങള്‍ക്കും അയച്ചിട്ടുണ്ട്. യുദ്ധം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപദേശിക്കുന്ന ലഘുലേഖകള്‍ നോര്‍വേ പുറത്തിറക്കി.
ആണവ ആക്രമണം ഉള്‍പ്പെടെ മൂന്ന് ദിവസത്തെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാന്‍ ഉണങ്ങിയ ഭക്ഷ്യവസ്തുക്കള്‍, വെള്ളം, മരുന്നുകള്‍ എന്നിവ സംഭരിക്കാന്‍ ഡെന്‍മാര്‍ക്ക് തങ്ങളുടെ പൗരന്മാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ ഫിന്‍ലന്‍ഡും പൗരന്മാര്‍ക്ക് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ, യുക്രൈന്‍ യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന സൂചന നല്‍കി, പുതുക്കിയ ആണവനയരേഖയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ചൊവ്വാഴ്ച ഒപ്പുവെച്ചിരുന്നു. യുദ്ധം 1000 ദിവസം പിന്നിട്ട പശ്ചാത്തലത്തിലായിരുന്നു റഷ്യയുടെ നിര്‍ണായകതീരുമാനം. ആണവായുധശേഷിയല്ലാത്ത ഒരു രാജ്യം, ആണവശക്തിയായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയോടെ റഷ്യക്കു നേരേ നടത്തുന്ന ആക്രമണം ‘സംയുക്ത ആക്രമണ’മായി കണക്കാക്കും. സുപ്രധാനമായ അത്തരം ആക്രമണങ്ങള്‍ക്കെതിരേ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.