കിയവ്: യു.എസ് നിർമിത മിസൈൽ ഉപയോഗിച്ച് റഷ്യൻ മണ്ണിൽ ആക്രമണത്തിന് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിന് പിന്നാലെ യുക്രെയ്ൻ തലസ്ഥാനത്തെ എംബസി അടച്ചുപൂട്ടി യു.എസ്. റഷ്യൻ പ്രത്യാക്രമണം ഉടനുണ്ടാകുമെന്ന സൂചനയെതുടർന്നാണ് നടപടിയെന്ന് എംബസി വൃത്തങ്ങൾ പറഞ്ഞു.
അനുമതിക്ക് പിന്നാലെ അമേരിക്കൻ നിർമിത എ.ടി.എ.സി.എം.എസ് മിസൈൽ റഷ്യയിൽ പ്രയോഗിച്ചിരുന്നു. ആദ്യമായാണ് യു.എസ് മിസൈൽ റഷ്യക്കുനേരെ വർഷിക്കുന്നത്. റഷ്യയിലെ ബെൽഗോറോദ് മേഖലയിൽ ഗുബ്കിനിലുള്ള കമാൻഡ് പോസ്റ്റിന് നേരെയായിരുന്നു രാത്രിയിലെ ആക്രമണം. അതിർത്തിയിൽനിന്ന് 680 കിലോമീറ്റർ അകലെ കൊടോവോയിലെ നോവ്ഗോറോദ് മേഖലയിലും റഷ്യൻ ആയുധശേഖരം ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
യു.എസ് പ്രസിഡന്റിന്റെ നയംമാറ്റത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം റഷ്യൻ രഹസ്യാന്വേഷണ വിഭാഗം മേധാവി സെർജി നാരിഷ്കിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
1000 നാൾ പിന്നിട്ട റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പുതിയ മാനം നൽകി അടുത്തിടെ റഷ്യൻ സേനക്കൊപ്പം ഉത്തര കൊറിയൻ സൈനികർ വിന്യസിക്കപ്പെട്ടതായി വാർത്തയുണ്ടായിരുന്നു. പിറകെ, റഷ്യൻ മണ്ണിൽ അമേരിക്കൻ മിസൈലുകൾ ഉപയോഗിക്കാൻ ബൈഡൻ അനുമതിയും നൽകി. പ്രകോപനമായി കണ്ട റഷ്യ ആണവായുധം പ്രയോഗിക്കുന്നതടക്കം സാധ്യതകൾ പരിശോധിക്കുമെന്ന മുന്നറിയിപ്പ് നൽകി. അതേസമയം, കിയവിനുമേൽ തുടരുന്ന ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അടച്ചുപൂട്ടിയതെന്ന് യു.എസ് എംബസി വിശദീകരിച്ചു. യുക്രെയ്നിൽ ആക്രമണം കനപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യ കൂടുതൽ ദീർഘദൂര മിസൈലുകൾ സംഘടിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. അതിനിടെ, റഷ്യ വിക്ഷേപിച്ച 122 ഡ്രോണുകളിൽ 56 എണ്ണം തകർത്തതായി യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു.