തൃശൂര്‍: രമ്യാ ഹരിദാസിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം സെമി കേഡറായി പ്രവര്‍ത്തിച്ചിട്ടും ചേലക്കരയുടെ മനസ്സ് ഇടതിനൊപ്പം. യു.ആര്‍ പ്രദീപിന്റെ വ്യക്തിപ്രഭാവത്തോടെ വിവാദങ്ങളെ മറികടന്നുള്ള വിജയമണ് ഇടതു മുന്നണി ചേലക്കരയില്‍ സ്വന്തമാക്കിയത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ചേലക്കരയിലെ എല്‍.ഡി.എഫ് വിജയം.
രണ്ടര പതിറ്റാണ്ടിലേറെയായി ഇടതുപക്ഷത്തിന്റെ ഉള്ളം കയ്യിലായിരുന്ന ചേലക്കര തിരികെ പിടിക്കാനാണ് രമ്യ ഹരിദാസിനെ മുന്‍നിര്‍ത്തി അരയും തലയും മുറുക്കി കോണ്‍ഗ്രസ് ഇറങ്ങിയത്. ദേശീയ നേതാക്കള്‍ക്കടക്കം ചുമതല നല്‍കി മാസങ്ങള്‍ നീണ്ട പ്രചാരണം. എണ്ണയിട്ട് യന്ത്രം പോലെ ബൂത്തുകളെ പ്രവര്‍ത്തിപ്പിച്ചു. എന്നാല്‍ ഇടതടിത്തറയും യു ആര്‍ പ്രദീപിന്റെ വ്യക്തിപ്രഭാവവും മറികടക്കാന്‍ കോണ്‍ഗ്രസിനായില്ല. രമ്യ ഹരിദാസിന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേരിട്ടതിലും ദയനീയമായ തോല്‍വി ചേലക്കരയുടെ ഇടതുമനസ് സമ്മാനിച്ചു.
സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാകും ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു യുഡിഎഫിന്റെ ആദ്യം മുതലുള്ളവാദം. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുമുള്ള പ്രതിരോധമാകും യു ആര്‍ പ്രദീപിന്റെ വിജയം. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം മുതല്‍ എല്‍ഡിഎഫ് യു ആര്‍ പ്രദീപിന്റെ വ്യക്തിപ്രഭാവം ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ പോലുമില്ലാതെ നടത്തിയ പ്രചാരണം. പാര്‍ട്ടി സെക്രട്ടറി പ്രസംഗത്തിനു പകരം ബൂത്ത് കമ്മറ്റികളില്‍ പങ്കെടുത്ത് നടത്തിയ സംഘാടനം. എല്ലാ തന്ത്രങ്ങളും വിജയിച്ചതോടെ ഇടതോരം ചേര്‍ന്നു ചേലക്കര.
64,259 വോട്ടുകള്‍ നേടിയ പ്രദീപ് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയിച്ചത്. രമ്യ ഹരിദാസിന് 52,626 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പിയുടെ കെ ബാലകൃഷ്ണന്‍ 33609 വോട്ടുകള്‍ നേടി. 1034 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. അതേസമയം, ചേലക്കരയില്‍ കെ രാധാകൃഷ്ണന്‍ 2021 ല്‍ നേടിയ ഭൂരിപക്ഷത്തിന്റെ പകുതി പോലും നേടാന്‍ ഇത്തവണ ഇടതുസ്ഥാനാര്‍ത്ഥിക്ക് സാധിച്ചിട്ടില്ല.
കഴിഞ്ഞ തവണ രാധാകൃഷ്ണന് 39,400 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. ഇത്തവണ പ്രദീപിന്റെ ഭൂരിപക്ഷമാകട്ടെ 12,201 വോട്ടുകള്‍. 2021 ലെ തെരഞ്ഞെടുപ്പില്‍ 9.60 ശതമാനത്തിന്റെ വര്‍ധനയോടെ, ആകെ പോള്‍ ചെയ്തതിന്റെ 54.41 ശതമാനം വോട്ടുകളും നേടിയാണ് (ആകെ 83,415) കെ രാധാകൃഷ്ണന്‍ വിജയിച്ചത്.
ഇത്തവണ പ്രദീപിന് ആകെ പോള്‍ ചെയ്തതിന്റെ 41.44 ശതമാനം വോട്ടാണ് ലഭിച്ചത്. 568 പോസ്റ്റല്‍ വോട്ടുകള്‍ അടക്കം ആകെ 64827 വോട്ടുകളാണ് ആകെ കിട്ടിയത്. രമ്യ ഹരിദാസിന് 33.64 ശതമാനം വോട്ടു ലഭിച്ചു. തപാല്‍ വോട്ടുകളായ 489 അടക്കം ആകെ 52,626 വോട്ടുകളാണ് രമ്യയ്ക്ക് ലഭിച്ചത്. ബിജെപിയുടെ ബാലകൃഷ്ണന് 255 പോസ്റ്റല്‍ വോട്ടുകള്‍ അടക്കം 33,609 വോട്ടുകള്‍ ലഭിച്ചു. 21.49 ശതമാനം. വോട്ടെണ്ണലിന്റെ തുടക്കം മുതലേ സിപിഎമ്മിലെ പ്രദീപ് ആണ് മുന്നേറിയത്. 11-ാം റൗണ്ടില്‍ മാത്രമാണ് രമ്യയ്ക്ക് നേരിയ ലീഡ് നേടാന്‍ സാധിച്ചത്.
കെ രാധാകൃഷണന്റെ പിന്‍ഗാമിയായി 2016 മുതല്‍ 21 വരെ അഞ്ചുവര്‍ഷം യു.ആര്‍ പ്രദീപ് ചേലക്കര എം.എല്‍.എയായിരുന്നിട്ടുണ്ട്. 2000-2005 കാലയളവില്‍ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇക്കാലത്ത് സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം ദേശമംഗലത്തിന് നേടികൊടുത്തു. 2005-10 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 2009-11-ല്‍ ദേശമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2022 മുതല്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്നു.