തിരുവനന്തപുരം: ബിജെപിയുടെ എ ക്ലാസ് പട്ടികയില്‍പ്പെട്ട പാലക്കാട് മണ്ഡലത്തിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരേ ഇതോടെ രൂക്ഷമായ പടയൊരുക്കമാണ് പാര്‍ട്ടിക്കുള്ളില്‍. സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ന്നത് ചര്‍ച്ചയാകുന്നത്. നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാനും ഇത് ഇടയാകും.
സംസ്ഥാനത്ത് പാര്‍ട്ടി ഏറ്റവും പ്രതീക്ഷ വെച്ച മികച്ച സംഘടനാ സംവിധാനമുള്ള പാലക്കാടാണ് തോറ്റത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കയ്യിലുള്ള പാലക്കാട് നഗരസഭയില്‍ പോലും കടുത്ത നിരാശയാണുണ്ടായത്.
പാലക്കാട് മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും ശരിക്കും തോറ്റത് സുരേന്ദ്രന്‍ എന്ന് പാര്‍ട്ടിയിലെ വിമര്‍ശകര്‍. മണ്ഡലത്തില്‍ ക്യാമ്പ് ചെയത് സുരേന്ദ്രന്‍ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളി. കഴിഞ്ഞ തവണത്തെക്കാള്‍ പതിനായിരം വോട്ടാണ് ഇത്തവണ ബിജെപിക്ക് കുറഞ്ഞത്. സുരേന്ദ്രന്‍ വളരെ കുറച്ച് മാത്രം പോയ ചേലക്കരയില്‍ പാര്‍ട്ടിക്ക് കൂടിയത് 9000 ത്തിലേറെ വോട്ടുകള്‍. കണ്ണായ പാലക്കാടന്‍ കോട്ടയിലെ തോല്‍വിയുടെ ആഘാതം ഉടനൊന്നും മാറില്ല.
സംഘടനാ സംവിധാനത്തില്‍ പാളിച്ചകളുണ്ടായെന്ന് ബി ഗോപാലകൃഷ്ണനെ പോലുള്ള നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ച് തുടങ്ങി. എഫ് ബി പോസ്റ്റായി കമന്റുകള്‍ വന്നു തുടങ്ങി. നേതാക്കള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. കടുത്ത അതൃപ്തിയുള്ള ശോഭാ സുരേന്ദ്രന്റെ നീക്കവും നിര്‍ണായകമാണ. . കൃഷ്ണദാസ് പക്ഷവും അധ്യക്ഷനെതിരായ പടയൊരുക്കത്തിലാണ്. സുരേന്ദ്രനില്‍ അടിയുറച്ച് വിശ്വസിച്ച ആര്‍എസ്എസിനും കിട്ടിയത് കനത്ത തിരിച്ചടി. സംഘടനാപ്രശ്‌നങ്ങളില്‍ സുരേന്ദ്രനൊപ്പം നിന്ന കേന്ദ്ര നേതൃത്വം ഇനി മാറ്റിച്ചിന്തിക്കാന്‍ സാധ്യതയേറെയാണ്. സുരേന്ദ്രനെ മാറ്റണമെന്ന മുറവിളിയെ ഇനി അങ്ങനെ ദേശീയനേതൃത്വത്തിന് കണ്ടില്ലെന്ന് നടിക്കാനാകില്ല