ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽമുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലിൽ ആറു പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരുക്കേറ്റു. നാല്അർധ സൈനികരും രണ്ട്പൊലീസുകാരുമാണ് മരിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനു പിന്നാലെയാണ് സംഘർഷം കൂടുതൽ അക്രമാസക്‌തമായത്. പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു.സർക്കാർ ഇസ്‌ലാമാബാദിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധമുണ്ടായാൽ വെടിവയ്ക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞു. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈവേകൾ അടച്ചതായും വിവരമുണ്ട്. താനടക്കമുള്ള എല്ലാ തടവുകാരെയും മോചിപ്പിക്കാനും ജുഡീഷ്യറിയേക്കാൾ അധികാരം സർക്കാരിന് നൽകുന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കാനും സർക്കാരിനുമേൽ സമ്മർദം ചെലുത്തണമെന്ന ഇമ്രാൻ ഖാന്റെ ആഹ്വാനം അനുസരിച്ചാണ് പിടിഐ പ്രവർത്തകർ പ്രക്ഷോഭം ആരംഭിച്ചത്.
പാക്കിസ്ഥാനിൽ ഇമ്രാന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി ; ആറുപേർ കൊല്ലപ്പെട്ടു
RELATED ARTICLES