ടിബിലിസി: ജോർജിയൻ ഭരണം നയിക്കാൻ മുൻ ഫുട്ബോൾ താരത്തിനു അവസരമൊരുങ്ങുന്നു.ജോർജിയയിൽ ഭരണകക്ഷിയായ ജോർജിയൻ ഡ്രീം പാർട്ടി മുൻ ഫുട്ബോൾ താരമായ മിഖായേൽ കാവേലാഷ്വിലിയെ (53) പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി കളിച്ചിട്ടുള്ള കാവേലാഷ്വിലി കടുത്ത പാശ്ചാത്യവിരുദ്ധനും തീവ്ര വലതുപക്ഷക്കാരനുമാണ്. പാർലമെന്റംഗങ്ങളുടെയും പ്രാദേശിക സർക്കാർ പ്രതിനിധികളുടെയും ഇലക്‌ടറൽ കോളജിൽ ജോർജിയൻ ഡ്രീമിന് മേധാവിത്വമുള്ളതിനാൽ അടുത്ത 14ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കാവേലാഷ്വിലി തിരഞ്ഞെടുക്കുമെന്ന് ഉറപ്പാണ്
ഒക്ടോബർ 26ന് നടന്ന തിരഞ്ഞെടുപ്പിൽ ഡ്രീം പാർട്ടി വിജയിച്ചെങ്കിലും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം പാർലമെന്റ് ബഹിഷ്കരിച്ചിരിക്കുകയാണ്. റഷ്യയുടെ പിന്തുണയോടെ അട്ടിമറി നടത്തിയെന്നാണ് ആരോപണം. യൂറോപ്യൻ യൂണിയനിൽ ചേരുന്ന കാര്യത്തിൽ ഹിതപരിശോധന കൂടിയായാണ് തിരഞ്ഞെടുപ്പിനെ കണ്ടത്. ഈ നീക്കത്തിനോട് എതിർപ്പുള്ള റഷ്യ സ്വാധീനത്തിനു വഴങ്ങുന്ന പാർട്ടിയെ വിജയിപ്പിച്ചതായാണ് വിമർശനം.