Monday, December 23, 2024

HomeMain Storyവിശ്വസിച്ച പാര്‍ട്ടിയും കൈവിട്ടു; നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതിയകലുന്നു

വിശ്വസിച്ച പാര്‍ട്ടിയും കൈവിട്ടു; നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതിയകലുന്നു

spot_img
spot_img

കണ്ണൂര്‍: പരസ്യമായി അധിക്ഷേപിക്കപ്പെട്ടതില്‍ ജീവനൊടുക്കിയ കണ്ണൂര്‍ എ.ഡി.എമ്മും സര്‍ക്കാര്‍ ജീവനക്കാരുടെ സി.പി.എം അനുകൂല സംഘടനാ പ്രവര്‍ത്തകനുമായിരുന്ന നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് പാര്‍ട്ടി ആവര്‍ത്തിക്കുമ്പോഴും കുറ്റാരോപിതയായ പി.പി ദിവ്യയ്ക്കൊപ്പമാണെന്ന് നിലപാടുകൊണ്ട് ആവര്‍ത്തിക്കുന്നു. കേസിന്റെ തുടക്കം മുതല്‍ പാര്‍ട്ടിയും സര്‍ക്കാരും വരുത്തിയ വീഴ്ചകള്‍ അതിന് ഉദാഹരണമാണ്. റിമാന്‍ഡില്‍ നിന്ന് ജാമ്യം കിട്ടിയിറങ്ങിയ പി.പി ദിവ്യയെ സ്വീകരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പോയത് ഏവരെയും ഞെട്ടിച്ചു.

എന്ത് കുറ്റവും ചെയ്യുന്ന പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കുന്ന സമീപനമാണ് കണ്ണൂരിലെ സി.പി.എം സ്വീകരിക്കുന്നത് എന്നാണ് ആക്ഷേപം. വനീന്‍ ബാബുവിന്റെ കുടുംബത്തിന് സിപിഎമ്മിലും പിണറായി സര്‍ക്കാരിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ സര്‍ക്കാരിനെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും രണ്ട് പെണ്‍മക്കളും സി.പി.എമ്മിനോട് കാണിച്ച മാന്യമായ സമീപനം കണ്ണൂരിലെ നേതാക്കളില്‍ നിന്നോ, പിണറായി സര്‍ക്കാരില്‍ നിന്നോ ഉണ്ടായില്ല എന്നാണ് വിമര്‍ശനം.

സംസ്ഥാനത്ത് മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നപ്പോഴൊന്നും ആ കുടുംബം സര്‍ക്കാരിനെയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കുന്ന യാതൊരു നടപടിയും സ്വീകരിച്ചില്ല. അതിന് ശേഷമാണ് അവര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. അവരെ കുറ്റപ്പെടുത്താനും കഴിയില്ല. കേസിന്റെ തുടക്കംമുതല്‍ പ്രതിസ്ഥാനത്തുള്ള പി.പി ദിവ്യയെ സംരക്ഷിക്കുകയാണ് സി.പി.എം എന്നാണ് പ്രതിപക്ഷ വിമര്‍ശനം. ഇപ്പോള്‍ തല്‍ക്കാലത്തേക്ക് നടപടിയെടുത്തെങ്കിലും താമസിയാതെ അവരെ തിരികെ കൊണ്ടുവരുമെന്ന് പൊതുസമൂഹത്തിനറിയാം. സി.പി.എമ്മിന്റെ ചരിത്രവും അങ്ങനെയാണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കണ്ണൂര്‍ ജില്ലയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനായിരുന്നു എ.ഡി.എം നവീന്‍ബാബു. അങ്ങനെയൊരു ഉദ്യോഗസ്ഥനെതിരെ പി.പി ദിവ്യ പരസ്യമായി ഒരു ആരോപണം ഉന്നയിച്ചത് അവരുടെ ഇഷ്ടപ്രകാരമാണെന്ന് വിശ്വസിക്കാനാകില്ല. സി.പി.എമ്മിലെ പ്രമുഖ നേതാക്കളുടെ അറിവോട് കൂടിയായിരിക്കണം, അല്ലെങ്കില്‍ പാര്‍ട്ടി എന്തിന് പി.പി ദിവ്യയെ ഇങ്ങിനെ സംരക്ഷിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് കുറ്റാരോപിതയ്ക്കെതിരെ പൊലീസ് കേസെടുത്തത്

അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ പി.പി ദിവ്യ എത്തിയിരുന്നു. പൊലീസ് സ്റ്റേഷന് തൊട്ടടുത്തായിരുന്നു ഇത്. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല. ശ്രീജിത് കൊടേരി എന്ന സി.ഐയാണ് അതീവ ഗൗരവമായ ഈ കേസ് അന്വേഷിച്ചത്. പ്രതി എവിടെയാണ് ഒളിവിലെന്ന് അറിയാമായിരുന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല. കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചപ്പോള്‍ ദിവ്യയുടെ സൗകര്യത്തിന് അനുസരിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശേഷം മാധ്യമങ്ങള്‍ അറിയാതിരിക്കാന്‍ പൊലീസ് ആവുന്ന പണിയെല്ലാം ചെയ്തു.

നവീന്‍ബാബു മരിച്ച ശേഷം ബന്ധുക്കള്‍ എത്തുംമുമ്പ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സി.പി.എം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇതെല്ലാം ദുരൂഹമാണ്. ബന്ധുക്കളുടെ സാനിധ്യമില്ലാതെ ഇന്‍ക്വസ്റ്റോ, പോസ്റ്റുമോര്‍ട്ടമോ നടത്താന്‍ പാടില്ലെന്നാണ് നിയമം. പിന്നെ എന്തിനാണ് ഇതെല്ലാം തിടുക്കപ്പെട്ട് ചെയ്തത്. സര്‍ക്കാരോ, സി.പി.എമ്മോ അറിയാതെ ഇത്തരം നടപടികള്‍ പൊലീസ് എടുക്കില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച പ്രശാന്തനെതിരെ യാരൊരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. പരിയാരം മെഡിക്കല്‍ കോളജിലെ കരാര്‍ ജീവനക്കാരനായ പ്രശാന്തന് പെട്രോള്‍ പമ്പ് തുടങ്ങാനുള്ള പണം എവിടെ നിന്നാണ് ലഭിച്ചത്..? പ്രശാന്തന്‍ മറ്റാരുടെയെങ്കിലും ബിനാമിയാണോ..? ഇയാളുടെ വ്യാജ ഒപ്പിട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വാട്സാപ്പില്‍ പരാതി നല്‍കിയത് ആര്‍ക്കാണ്..? ഇക്കാര്യങ്ങള്‍ അറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. പ്രശാന്തനെ പോലൊരാള്‍ സമീപിച്ചാല്‍ സഭയുടെ കീഴിലുള്ള 40 സെന്റ് സ്ഥലം പാട്ടത്തിന് നല്‍കുമോ..?

സി.പി.എമ്മിന് വളരെ വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു നവീന്‍ബാബു. അതുകൊണ്ടാണ് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ കണ്ണൂര്‍ സി.പി.എമ്മാക്കിയത്. പിന്നീട് അവിടുത്തെ പാര്‍ട്ടിയുമായി നവീന്‍ബാബുവിന് യോജിക്കാനായില്ലെന്നും അവരുടെ ഇങ്കിതങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് നവീന്‍ ബാബുവിനെ നാണംകെടുത്തി പറഞ്ഞയയ്ക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും ആരോപണമുണ്ട്. അതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകെ ദിവ്യ കൂടെ കൂട്ടി, നവീന്‍ ബാബുവിനെതിരായ പ്രസംഗം ചിത്രീകരിച്ചതും അത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതുമെന്നാണ് പറയുന്നത്.

റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ നവീന്‍ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും ആ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഇതെല്ലാം വലിയ ദുരൂഹതയാണ്. ഇതെല്ലാം മറച്ചുവയ്ക്കുന്നത് ആരെയൊക്കെയോ രക്ഷിക്കാനാണ് എന്നാണ് ആരോപണം. സി.ബി.ഐ അന്വേഷണത്തിലൂടെ ബിനാമി ഇടപാടെങ്കിലും പുറത്തുവരുമെന്ന് കരുതാം. എന്നാല്‍ ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ ധിക്കാര ശബ്ദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments