കീവ് : യുക്രെയ്നിലെ കൈവൈദ്യുത ഉത്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ രൂക്ഷമായ മിസൈൽ – ഡ്രോൺ ആക്രമണത്തെത്തുടർന്ന് യുക്രയിൻ ഇരുട്ടിലായി. 10 ലക്ഷം കുടുംബങ്ങൾ വൈദ്യുതിയില്ലാതെ വലയുന്നു.ബുധനാഴ്‌ച രാത്രി യുക്രെയ്‌നിലെ 17 കേന്ദ്രങ്ങളിലായി 100 ഡ്രോണുകളും 90 മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 79 മിസൈലുകളും 32 ഡ്രോണുകളും വീഴ്ത്തിയതായി യുക്രെയ്ൻ അവകാശപ്പെട്ടു.
രണ്ടാഴ്ചയായി യുക്രെയ്നിലെ വൈദ്യുതി ഉൽപാദനകേന്ദങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയിരിക്കയാണ്. ക്ലസ്റ്റർബോംബുകളുമായി കലിബിർ ക്രൂസ് മിസൈലുകളാണ് പ്രധാനമായും ഉപയോഗിച്ചത്. കീവ്, ഹർകീവ്, റിവിൻ മേഖലകളിലാണ് കൂടുതൽ നാശമുണ്ടായത്.ഇതേസമയം, പുതിയ ഒറേഷ്‌നിക് ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ച് യുക്രെയ്നിന്റെ പാർലമെൻ്റ്, മന്ത്രാലയങ്ങൾ, പ്രസിഡന്റിന്റെ ഓഫിസ് തുടങ്ങിയവ ആക്രമിച്ചേക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. യുക്രെയ്ൻ യുഎസ് നിർമിത ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതിനു തിരച്ചടിയായി റഷ്യ ഒറേഷ്‌നിക് പ്രയോഗിച്ചിരുന്നു.
ഇത്തരം മിസൈലുകളുടെ ശേഖരം റഷ്യയ്ക്കുണ്ടെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കസഖ്സ്‌ഥാനിൽ നടന്ന മുൻ സോവിയറ്റ് രാജ്യങ്ങളുടെ പ്രതിരോധ ഉച്ചകോടിയിൽ പറഞ്ഞു.