ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്കില്ല. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത് . പാക്കിസ്ഥാനില്‍ കളിക്കാനുളള ബുദ്ധിമുട്ട് നേരത്തേ ബിസിസിഐ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.
പാക്കിസ്ഥാന് കിക്കറ്റ് ബോര്‍ഡുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ ആശയവിനിമയങ്ങള്‍ക്കൊടുവിലാണ് തീരുമാനം. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത്, ദുബായില്‍ കളിക്കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചതായാണ് വിവരം.ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും, വൃത്തങ്ങള്‍ അറിയിച്ചു.ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒന്‍പതു വരെ കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി തുടങ്ങിയ പാക് നഗരങ്ങളിലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്.
എട്ടു ടീമുകളാണ് ഐസിസിയുടെ പ്രധാന ടൂര്‍ണമെന്റുകളില്‍ ഒന്നായ ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കുന്നത്. 2023-ല്‍ പാകിസ്ഥാനില്‍ നടന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലെ, ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു.