ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതി പരത്തുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര ഷെഡ്യൂള്‍ഡ് വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഇന്ത്യ.
ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എല്ലാവരുമായും കൂടിയാലോചിച്ച് രാജ്യാന്തര വിമാനസര്‍വിസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം എടുക്കുമെന്നും ഡയറകട്‌റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
പിന്നാലെയാണ് ഒമിക്രോണ്‍ വൈറസ് ലോകത്ത് സ്ഥിരീകരിക്കുന്നതും വിവിധ രാജ്യങ്ങള്‍ യാത്ര വിലക്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ അന്താരാഷ്ട്ര സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ 28ഓളം രാജ്യങ്ങളുമായി പ്രത്യേക സര്‍വിസ് മാത്രമാണ് നടത്തുന്നത്. അതേസമയം, ഇന്ത്യയുമായി എയര്‍ ബബ്ള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളിലേക്ക് സര്‍വിസ് തുടരും.
ഒമിക്രോണ്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, രാജ്യാന്തര സര്‍വിസുകള്‍ ഉടന്‍ പുനരാരംഭിക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയവും.