കൊച്ചി: ഒമിക്രോണിനെതിരെ ജാഗ്രത നടത്തുന്നതിന്റെ ഭാഗമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കായി വിപുലമായ പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
ഡിസംബര്‍ രണ്ടാം തീയതി രാവിലെ മുതല്‍ ഒരേസമയം എഴുന്നൂറോളം യാത്രക്കാരെ പരിശോധിക്കാനാകും. രാജ്യാന്തര യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധന നടപടികള്‍ കൂടുതല്‍ സുഗമമാക്കാന്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍)മാനേജിങ് ഡയറക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
നിലവിലെ ആര്‍ടിപി സി ആര്‍ പരിശോധന സൗകര്യങ്ങള്‍ക്കു പുറമേ റാപ്പിഡ് പിസിആര്‍ പരിശോധന സൗകര്യവും നാളെ മുതല്‍ സിയാലില്‍ ഉണ്ടാകും.ഒരേസമയം 350 പേര്‍ക്ക് ആര്‍ടിപി സി ആറും 350 പേര്‍ക്ക് റാപിഡ് പിസി ആറും പരിശോധന നടത്താന്‍ സൗകര്യമുണ്ടാകും.
റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരുടെ രണ്ട് ശതമാനം പേര്‍ക്കും ആണ് പരിശോധന നടത്തുക. റാപിഡ് പരിശോധനാഫലം അരമണിക്കൂറിനകം ലഭ്യമാകും.
നെഗറ്റീവ് ആണെങ്കില്‍ വീട്ടിലേക്ക് പോകാം. ആര്‍ ടി പി സി.ആര്‍ പരിശോധനാഫലം ലഭ്യമാക്കാന്‍ അഞ്ചുമണിക്കൂര്‍ എടുത്തേക്കും. ഈ സമയം യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക ഹോള്‍ഡിങ് ഏരിയ സജ്ജമാക്കിയിട്ടുണ്ട്. പരിശോധനകള്‍ക്കായി മൂന്നു ഏജന്‍സികളെ സിയാല്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് പരിശോധനകള്‍ക്കും സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഏത് പരിശോധന വേണമെന്ന് യാത്രക്കാര്‍ക്ക് തീരുമാനിക്കാം.
പരിശോധനകളെ കുറിച്ചുള്ള വിവരങ്ങള്‍ വിമാനത്തിനുള്ളില്‍ തന്നെ യാത്രക്കാരെ അറിയിക്കും. റിസ്‌ക് വിഭാഗത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പ്രത്യേക ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തുറക്കും. പരിശോധനാ ഹാളില്‍ ഇവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹോള്‍ഡിങ് ഏരിയയില്‍ ലഘു ഭക്ഷണശാല തുറക്കും.