ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തെതുടര്‍ന്ന് കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ശീതകാലസമ്മേളനം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.
ചര്‍ച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും മിനിട്ടുകള്‍ക്കകം പാസാക്കിയത്. ചര്‍ച്ച കൂടാതെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെതിരെ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നതെന്തിനെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ചര്‍ച്ച വേണ്ടെന്നുമായിരുന്നു കേന്ദ്രനിലപാട്.
കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വന്ന് ഒരു വര്‍ഷവും രണ്ട് മാസവുമാകുമ്‌ബോള്‍ നവംബര്‍ 19-നാണ് മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരുള്‍പ്പെട്ട സിഖ് സമുദായത്തിന് പ്രാധാന്യമുള്ള ഗുരുനാനാക്ക് ജയന്തി ദിനത്തിലായിരുന്നു ഈ പ്രസ്താവന.
നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആദ്യം ഉറച്ച നിലപാടെടുത്ത കേന്ദ്രം ഉത്തര്‍ പ്രദേശിലും പഞ്ചാബിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.