തിരുവനന്തപുരം: ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സി.പി.എം സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. പാര്‍ട്ടി സംസ്ഥാന സെക്ടട്ടേറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന വേളയില്‍ സംസ്ഥാന സമ്മേളനത്തിന് മുന്‍പ് തന്നെ കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണം എന്ന നിലപാടാണ് മടക്കം വേഗത്തിലാക്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുന്‍പായിരുന്നു ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറി നിന്നത്. മകനെതിരേ ഉയരുന്ന ആരോപണങ്ങള്‍ പാര്‍ട്ടിയേയും മുന്നണിയേയും ബാധിക്കാതിരാക്കാനുള്ള കരുതലായിരുന്നു അവധിയടുക്കാനുള്ള കോടിയേരിയുടെ തീരുമാനമെന്നാണ് നിരീക്ഷിക്കപ്പെട്ടത്.
സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ വിജയരാഘവനു കൈമാറിയെങ്കിലും തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിനെ നയിച്ചത് കോടിയേരി തന്നെയായിരുന്നു. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും അദ്ദേഹത്തിന്റെ നിര്‍ണായക ഇടപെടലുകള്‍ പ്രകടമായിരുന്നു.
ആലപ്പുഴ സമ്മേളനത്തില്‍ പിണറായിയുടെ പകരക്കാരനായി സി.പി.എം സെക്രട്ടറി സ്ഥാനത്തേക്ക് ചുമതലയേറ്റ കോടിയേരിക്ക് തൃശൂരിലേത് രണ്ടാം ഊഴമായിരുന്നു. സി.പി.എം മാനദണ്ഡം അനുസരിച്ച് ഒരു തവണ കൂടി കോടിയേരിക്ക് സെക്രട്ടറിയാകാം. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളത്ത് കോടിയേരിക്ക് മൂന്നാമൂഴമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ 2006 മുതല്‍ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. പതിമൂന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു, തലശ്ശേരി നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം 2001 മുതല്‍ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്.
2015 ഫെബ്രുവരി 23ന് ആലപ്പുഴയില്‍ നടന്ന സി.പി.എമ്മിന്റെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരില്‍ വെച്ചു നടന്ന സി.പി.എമ്മിന്റെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനെ സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു.
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയ്ക്കടുത്ത് കോടിയേരിയില്‍ പരേതരായ മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും പുത്രനായി 1953 നവംബര്‍ 16നാണ് കോടിയേരി ബാലകൃഷ്ണന്‍ ജനിച്ചത്. സി.പി.എം നേതാവും തലശേരി മുന്‍ എം.എല്‍.എയുമായ എം. വി രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റര്‍ ജീവനക്കാരിയും ആയ എസ്. ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍ ബിനോയ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍ 1998 മുതല്‍), ബിനീഷ്. മരുമക്കള്‍ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികള്‍ ആര്യന്‍ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.