പി.പി. ചെറിയാന്‍
ന്യൂയോർക്ക്: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ വൈറസ് അമേരിക്കയിലും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിൽ ആദ്യമായി കലിഫോർണിയയിലാണ് വൈറസ് കണ്ടെത്തിയതെങ്കിൽ, ഡിസംബർ രണ്ടിന് ന്യൂയോർക്ക് സിറ്റി മെട്രോപോലിറ്റൻ ഏരിയയിൽ അഞ്ച് ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.
ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചൽ ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ഈ വാർത്താ സമ്മേളനത്തിനു തൊട്ടുപിന്നാലെ മിനിസോട്ട, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോൺ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ന്യൂയോർക്ക് സഫോൾക്ക് കൗണ്ടിയിൽ ഒന്നും, ന്യൂയോർക്ക് സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നാലും, ക്യൂൻസ് (2), ബ്രൂക്ക്‌ലിൻ(1), മൻഹാട്ടൻ(1) ഒമിക്രോൺ കേസുകൾ കണ്ടെത്തിയതായി ഗവർണർ അറിയിച്ചു.
അമേരിക്കയിൽ വ്യാഴാഴ്ച വൈകിട്ടു വരെ ആകെ എട്ട് ഒമിക്രോൺ കേസുകൾ സ്ഥിരീകരിക്കപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിച്ചു. ഇതു ആഫ്രിക്കയിൽ യാത്ര ചെയ്തു വന്നവരിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയവയിൽ നിന്നും യാത്ര ചെയ്തു വന്നവരാണെന്നാണ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ന്യുയോർക്കിൽ ഒമിക്രോൺ കണ്ടെത്തിയെങ്കിലും വ്യാപകമായ ലോക്ഡൗണിന് സാധ്യതയില്ലെന്നും ഗവർണർ ചൂണ്ടികാട്ടി. ഇതുവരെ 23 രാജ്യങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അറിയിച്ചു.