കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡിന്റെ ഒമൈക്രോണ്‍ വകഭേദവുമായി സമ്പര്‍ക്കമുളളയാളെന്ന് സംശയം. ഇക്കഴിഞ്ഞ 21-ാം തിയ്യതി ഇംഗ്ലണ്ടില്‍ നിന്നും വന്ന വ്യക്തിക്കാണ് ഒമൈക്രോണ്‍ സമ്പര്‍ക്കമുളളതായി സംശയിക്കുന്നത്. ഈ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അമ്മയും കൊവിഡ് പോസിറ്റീവാണ്. ഈ സാഹചര്യത്തില്‍ യുവാവിന്റെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
ഇയാളുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. നാട്ടില്‍ എത്തിയതിന് ശേഷം ഇയാള്‍ യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നാല് ജില്ലകളിലാണ് ഇദ്ദേഹം യാത്ര നടത്തിയിരിക്കുന്നത്. ഈ നാല് ജില്ലകളിലേക്കും സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അയച്ചതായി ഡിഎംഒ വ്യക്തമാക്കി.
26-ാം തിയ്യതിയാണ് ഇദ്ദേഹം കൊവിഡ് പോസിറ്റീവായത്. വീട്ടിലുളള മൂന്ന് പേരുമായിട്ടാണ് ഇദ്ദേഹത്തിന് നേരിട്ടുളള സമ്പര്‍ക്കമുളളതെന്നും ഡി.എം.ഒ അറിയിച്ചു. പോസിറ്റീവ് ആകുന്നതിന് മുന്‍പാണ് മറ്റ് ജില്ലകളിലേക്ക് യാത്രകള്‍ നടത്തിയത്. പോസിറ്റീവ് ആയതിന് ശേഷം വീട്ടില്‍ മാത്രമാണ് സമ്പര്‍ക്കമെന്നും ഡി.എം.ഒ വ്യക്തമാക്കി. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. 80ഓളം പേരെ ഇതിനകം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരില്‍ ആരെങ്കിലും പോസിറ്റീവ് ആവുകയാണെങ്കില്‍ മാത്രമേ ആശങ്കപ്പെടേണ്ടതുളളൂ എന്നും അദ്ദേഹം പറഞ്ഞു.
യു.കെയില്‍ നിന്നും എത്തിയ 46കാരന്‍ ആരോഗ്യപ്രവര്‍ത്തകനാണ് എന്നാണ് വിവരം. ഇദ്ദേഹത്തിന് ഇപ്പോള്‍ കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടമല്ല. തിരുവനന്തപുരം രാജീവ് ഗാന്ധി റീജിണല്‍ ലാബിലാണ് ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ അമ്മയുടെ സ്രവ സാമ്പിളും പരിശോധിക്കുന്നത്. ഇദ്ദേഹവും അമ്മയും കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.