വാഷിംഗ്ടണ്‍: ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭീഷണിയായ സാഹചര്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം ഭ്രമണപഥം മാറ്റുന്നു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം നാല് മണിയോടെ താഴ്ന്ന ഭ്രമണ പഥത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നാസയുടെ ഭാഗത്ത് നിന്ന് തുടങ്ങി. 1994 ല്‍ തകര്‍ന്ന പെഗാസസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ നിലയത്തിന് തൊട്ടടുത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപകടം ഒഴിവാക്കാനാണ് നടപടി.
നാസയുടെ അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് അവശിഷ്ടങ്ങള്‍ ഒഴിവാക്കാന്‍ മിഷന് കണ്ട്രോള് തയ്യാറെടുക്കുകയാണ്. അതേസമയം, കഴിഞ്ഞ സെപ്റ്റംബറില്‍ ബഹിരാകാശ നിലയത്തിന്റെ ആന്റിന ബഹിരാകാശ അവശിഷ്ടങ്ങളുമായി കൂട്ടിമുട്ടി തകര്‍ന്നിരുന്നു. 11 ചെറിയ അവശിഷ്ടങ്ങളാണ് ആന്റിനയെ തകരാറിലാക്കിയത്. ഇത് ശരിയാക്കി മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പാണ് നിലയത്തിന് ഭീഷണി സൃഷ്ടിച്ച് കൂടുതല്‍ ബഹിരാകാശ അവിശിഷ്ടങ്ങള്‍ അടുത്തെത്തുന്നതായി ശാസ്ത്രഞ്ജര്‍ കണ്ടെത്തുന്നത്.
വലിയ ഒരു അപകടം ഒഴിവാക്കാന്‍ ഭ്രമണപഥം മാറ്റുക മാത്രമാണ് പരിഹാരം. അതേസമയം, ഭ്രമണപഥം മാറ്റുന്നത് ബഹിരാകാശ നിലയത്തിലെ ശാസ്ത്രഞ്ജര്‍ക്ക് ഭീഷണിയാകില്ലെന്ന് വിലയിരുത്തുന്നു. 1994 മെയ് 19 ന് വിക്ഷേപിച്ച പെഗാസസ് റോക്കറ്റിന്റെ തകര്‍ച്ചയ്ക്കിടെയാണ് 39915 എന്ന വസ്തു എന്ന് വിളിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. 1996 ജൂണ്‍ 3 നാണ് ഈ വേര്‍പിരിയല്‍ നടന്നത്, അതിനുശേഷം അവശിഷ്ടങ്ങള്‍ ഗ്രഹത്തിന് ചുറ്റുമുള്ള ശൂന്യതയില്‍ പൊങ്ങിക്കിടക്കുകയാണ്.