മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാരോപിച്ച് ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവിടുന്നതില്‍ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി. ഫലം പരസ്യപ്പെടുത്തണമെന്ന യുവതിയുടെ അപേക്ഷ ജനുവരി നാലിനു ബോംബൈ ഹൈകോടതി പരിഗണിക്കാനിരിക്കെയാണു ബിനോയ് യുടെ പ്രതികരണം. പീഡനക്കേസ് റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ചുള്ള ഹര്‍ജി ഹൈകോടതിയിലുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബിനോയ് പറഞ്ഞു.
അതിനിടെ, പീഡനക്കേസില്‍ അന്ധേരി ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ ഈ മാസം 13ന് വിചാരണ ആരംഭിക്കും. ഇക്കൊല്ലം ജനുവരിയില്‍ പൊലീസ് കുറ്റപത്രം സമര്‍പിച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് നടപടി നീളുകയായിരുന്നു. ഡാന്‍സ് ബാര്‍ നര്‍ത്തകിയായിരുന്ന യുവതി 2019 ജൂണിലാണു മുംബൈ ഓഷിവാര പൊലീസില്‍ പീഡന പരാതി നല്‍കിയത്. എട്ടുവയസുള്ള മകനു നീതി ലഭിക്കണമെന്നും ഡി.എന്‍.എ റിപോര്‍ട് തുറന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമാകുമെന്നുമാണു യുവതിയുടെ നിലപാട്.
കേസ് റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ച് 2019 ജൂലൈയില്‍ ബിനോയ് ഹര്‍ജി സമീപിച്ചപ്പോള്‍ ഹൈകോടതിയാണു ഡി.എന്‍.എ പരിശോധനയ്ക്കു നിര്‍ദേശിച്ചത്. ജൂലൈ 30നു രക്തസാംപിള്‍ ശേഖരിച്ചു. കലീന ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം 17 മാസത്തിനു ശേഷമാണ് ഹൈകോടതി റജിസ്ട്രാര്‍ക്ക് രഹസ്യരേഖയായി മുംബൈ പൊലീസ് കൈമാറിയത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കേസ് നീണ്ടു. ഫലം റജിസ്ട്രാറുടെ പക്കലെത്തി ഒരു വര്‍ഷം പിന്നിട്ടിരിക്കെയാണ് ഇപ്പോള്‍ യുവതി ഹര്‍ജി നല്‍കിയിരിക്കുന്നത്.