തിരുവനന്തപുരം: തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടിയില്‍ എക്സൈസ് റെയ്ഡ്. പൂവാറിലൂള്ള കാരക്കാട്ടില്‍ എന്ന റിസോര്‍ട്ടിലാണ് ലഹരിപാര്‍ട്ടി നടന്നത്. സ്ത്രീകള്‍ ഉള്‍പ്പടെ ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘം നടത്തിയ റെയ്ഡില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കളും പിടിച്ചെടുത്തു.
ശനിയാഴ്ച രാത്രി മുതല്‍ റേവ് പാര്‍ട്ടി നടക്കുന്ന രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ‘തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും റേവ് പാര്‍ട്ടികള്‍ നടക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചില കേന്ദ്രങ്ങള്‍ നിരീക്ഷണത്തിലായിരുന്നു.
ടൂറിസ്റ്റുകളെന്ന വ്യാജേനയാണ് റെയ്ഡ് നടന്ന റിസോര്‍ട്ടിലെത്തിയത്. റിസോര്‍ട്ട് ഒരു ദ്വീപിലായതിനാല്‍ ബോട്ടിലായിരുന്നു വന്നത്. റെയ്ഡില്‍ ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എംഡിഎംഎ, പില്‍സ്, ക്രിസ്റ്റല്‍, സ്റ്റാമ്പ്, കഞ്ചാവ്, ഹാഷിഷ് ഓയില്‍ തുടങ്ങി വസ്തുക്കളടക്കം ഇവിടെ നിന്ന് കണ്ടെത്തി. ഇന്നലെ രാത്രി മുതലാണ് പാര്‍ട്ടി ആരംഭിച്ചത്. ആരെല്ലാം ഏതെല്ലാം രീതിയില്‍ പങ്കാളിത്തം വഹിച്ചുവെന്നത് പരിശോധിക്കും. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്’റെയ്ഡില്‍ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആര്യനാട് സ്വദേശി അക്ഷയ് മോഹന്‍, കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാന്‍ തുടങ്ങിയവരാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു പാര്‍ട്ടി. സംസ്ഥാനത്ത് നിന്ന് പുറത്തുള്ളവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്നും എക്സൈസ് അറിയിച്ചു.
നിര്‍വാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിലായിരുന്നു ഇവര്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. ആളൊന്നിന് 1000 രൂപആയിരുന്നു ഫീസായി ഈടാക്കിയിരുന്നത്.
ഇന്നലെയും ഇന്നും ആയിട്ടാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ബെംഗളൂരുവില്‍ നിന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.