ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി റഷ്യയുമായി തോക്കുകള്‍ വാങ്ങുന്നതിലും നിര്‍മാണത്തിനുമായി കരാറൊപ്പിട്ട് കേന്ദ്ര സര്‍ക്കാര്‍. കലാഷ്നിക്കോവ് സീരിസിലുള്ള ചെറിയ ആയുധ നിര്‍മാണത്തിനുള്ള സഹകരണത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും റഷ്യന്‍ പ്രതിരോധ മന്ത്രി ജനറല്‍ സെര്‍ഗി ഷോയിഗുവും ചേര്‍ന്നാണ് കരാറൊപ്പിട്ടത്.
ആറ് ലക്ഷത്തോളം എകെ 203 തോക്കുകളാണ് റഷ്യയുടെ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കുക. ഇന്തോ-റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായം ഇതിനുണ്ടാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ കാണും മുമ്പാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ നിര്‍ണായക ചുവടുവെപ്പ് കൂടിയാണിത്. രണ്ട് ദശാബ്ദങ്ങള്‍ പഴക്കമുള്ള ആയുധങ്ങളില്‍ നിന്ന് അത്യാധുനിക രീതിയിലേക്കാണ് ഇന്ത്യന്‍ സൈന്യം മാറാന്‍ ഒരുങ്ങുന്നത്.
മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ ആയുധ നിര്‍മാണ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായ റഷ്യ നിര്‍ണായകമായ പല സാങ്കേതിക വിദ്യകളും തോക്ക് നിര്‍മാണത്തിനായി നല്‍കും. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സൈന്യത്തില്‍ ഇടംപിടിച്ച ഐഎന്‍എസ്എഎസ് റൈഫിളുകളാണ് ഇതോടെ വഴിമാറുന്നത്. ഭാവിയില് മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ ഇന്ത്യക്ക് ആയുധങ്ങള്‍ കണ്ടെത്താനും സാധിക്കും.
കരാറിന് പിന്നാലെ രാജ്നാഥ് സിംഗ് റഷ്യക്ക് നന്ദി അറിയിച്ചു. ശക്തമായ പിന്തുണയ്ക്ക് നന്ദിയെന്ന് പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യ ഈ പിന്തുണയെ അഭിനന്ദിക്കുന്നു. മേഖലയില്‍ ഒന്നാകെ ഈ സഹകരണം കൊണ്ട് സമാധാനവും സ്ഥിരതയും കൊണ്ടുവരാന്‍ സാധിക്കുമെന്ന് കരുതുന്നു. ചെറുകിട ആയുധ നിര്‍മാണത്തിനും സൈനിക സഹകരണത്തിനുമായി ഉണ്ടാക്കിയ കരാറില്‍ താന്‍ സന്തുഷ്ടനാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
യുപിയിലെ അമേഠിയിലെ ആയുധ നിര്‍മാണ ശാലയിലാണ് എകെ 203 അസോള്‍ട്ട് റൈഫിളുകള്‍ റഷ്യന്‍ സഹായത്തോടെ ഇന്ത്യ നിര്‍മിക്കുക. പത്ത് വര്‍ഷം നീണ്ട സൈനിക സഹകരണവും ഈ കരാറിനെ ശക്തിപ്പെടുത്തും. ഇന്ത്യ-റഷ്യ സൈനിക സഹകരണം മേഖലയില്‍ വലിയ മുന്നേറ്റത്തിനും ആഭ്യന്തര സുരക്ഷയ്ക്കും അടക്കം ഇന്ത്യ സഹായിക്കുമെന്നാണ് കരുതുന്നത്.
300 മീറ്ററോളം റേഞ്ചാണ് കൈ 203 തോക്കിനുള്ളത്. ചൈനയില്‍ നിന്നടക്കം ഭീഷണി ശക്തമായി വരുന്നതും, മാവോവാദി ഏറ്റുമുട്ടലുകളിലും സൈനിക ഓപ്പറേഷനുകളിലും ഈ തോക്കുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരും. 5000 കോടി രൂപയുടെ ചെലവാണ് ഈ തോക്ക് നിര്‍മാണത്തിനായി ഇന്ത്യക്കുണ്ടാവുക.