വാഷിങ്ടണ്‍: മാസങ്ങള്‍ക്കിടെ ബെയ്ജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ ആരെയും പങ്കെടുപ്പിക്കാതെ നയതന്ത്ര ബഹിഷ്‌കരണത്തിന് യു.എസ് നീക്കം. അമേരിക്കന്‍ താരങ്ങള്‍ പങ്കെടുക്കുകയും ഉദ്യോഗസ്ഥര്‍ എത്താതിരിക്കുകയും ചെയ്യുന്നതാകും ബഹിഷ്‌കരണം.
ചൈന തുടരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് യു.എസ് പറയുന്നു. എന്നാല്‍, ഫെബ്രുവരിയിലെ ശീതകാല ഒളിമ്പിക്‌സിന് നയതന്ത്ര വിലക്കുമായി യു.എസ് മുന്നോട്ടുപോയാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.
തുറന്ന രാഷ്ട്രീയ പ്രകോപനമാണിതെന്നും തിരിച്ചടിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ മുന്നറിയിപ്പ് നല്‍കി.
2008ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ അന്നത്തെ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. ഈ വര്‍ഷം ടോക്യോയില്‍ നടന്ന ഒളിമ്പിക്‌സിന് യു.എസ് പ്രഥമ വനിത ജില്‍ ബൈഡന്റെ നേതൃത്വത്തിലെ സംഘമായിരുന്നു പങ്കെടുത്തത്. ഇതാണ് ഇത്തവണ മുടക്കാന്‍ നീക്കം.
പ്രമുഖ വ്യക്തിത്വങ്ങളെ അയക്കില്ലെന്ന പ്രഖ്യാപനം പ്രസിഡന്റ് ജോ ബൈഡന്‍ വൈകാതെ നടത്തുമെന്നാണ് സൂചന.